ബെയ്ജിംഗ്- പ്രബുദ്ധ കേരളത്തില്‍ കലിംഗ ബിരുദമൊപ്പിച്ച് ചിലര്‍ ഉന്നത പഠനത്തിന് ചേരുന്നു. വേറെ ചിലര്‍ ഇല്ലാത്ത എക്‌സ്പീരിയന്‍സും ഡോക്ടറേറ്റും കാണിച്ച് പലതും കരസ്ഥമാക്കുന്നു. എന്നാല്‍ മധുര മനോജ്ഞ ചൈനയില്‍ നിന്ന് കേള്‍ക്കുന്നത് വ്യത്യസ്ഥമായ കഥയാണ്. ബിസനസിലൂടെ ധനം വാരിക്കൂട്ടിയ വേദനിക്കുന്ന കോടീശ്വരന്‍ 57-ാം വയസ്സിലും പരീക്ഷ പാസാവാനാതെ കരഞ്ഞു കഴിയുന്നു. 27 തവണയാണ് ഇദ്ദേഹം പരീക്ഷ പാസാകാന്‍ നേരായ മാര്‍ഗത്തില്‍ ശ്രമിച്ചത്.
മദ്യപാനം ഉപേക്ഷിച്ചു, മഹ്‌ജോംഗ് ഗെയിം കളിക്കുന്നത് നിറുത്തി, 12 മണിക്കൂര്‍ വരെ ദിവസവും പഠിക്കാന്‍ തുടങ്ങി.... ഇത്രയൊക്കെ ചെയ്തിട്ടും പരീക്ഷയില്‍ പാസാകാന്‍ കഴിയാത്തതിന്റെ ദുഃഖത്തിലാണ് ലിയാംഗ് ഷീ. കോടീശ്വരനായ ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നമാണ് ഉന്നത വിദ്യാഭ്യാസം. ഇതിനായി കഴിഞ്ഞ 40 വര്‍ഷമായി കഠിന പരിശ്രമത്തിലാണ് ഇദ്ദേഹം.പക്ഷേ, 56കാരനായ ഷീ 27 തവണ പരീക്ഷ എഴുതിയെങ്കിലും എല്ലാത്തിലും തോല്‍വിയായിരുന്നു ഫലം. ചൈനയിലെ പ്രശസ്തമായ സിചുവാന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രവേശനത്തിനായുള്ള 'ഗയോകാവോ' പരീക്ഷയാണ് ഷീ തുടര്‍ച്ചയായി എഴുതി പരാജയപ്പെട്ടുകൊണ്ടിരിക്കുന്നത്. ചൈനയിലെ ഏറ്റവും പ്രയാസമുള്ള പ്രവേശന പരീക്ഷകളിലൊന്നാണ് ഗയോകാവോ തന്റെ ജീവിതത്തില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ വ്യക്തിയാണ് ഷീ. ഫാക്ടറി ജീവനക്കാരനില്‍ നിന്ന് കണ്‍സ്ട്രക്ഷന്‍ സാമഗ്രികളുമായി ബന്ധപ്പെട്ട ബിസിനസിന്റെ ഉടമയിലേക്കുള്ള ഷീയുടെ യാത്ര സംഭവ ഹുലമായിരുന്നു. ബിസിനസിലൂടെ ഇദ്ദേഹം കോടിക്കണക്കിന് യുവാന്‍ സമ്പാദിച്ചു. ആഗ്രഹിച്ചതെല്ലാം നേടിയെങ്കിലും ഉന്നതവിദ്യാഭ്യാസം മാത്രം ഒരു സ്വപ്നമായി അവശേഷിക്കുന്നു. ഈ വര്‍ഷം പരീക്ഷയില്‍ പാസ് മാര്‍ക്കില്‍ നിന്ന് 34 പോയിന്റുകള്‍ കുറവായിരുന്നു ഷീക്ക്.റിസള്‍ട്ട് വരുന്നതിന് മുമ്പ് തന്നെ താന്‍ പാസാകില്ലെന്ന് തോന്നിയിരുന്നതായി ഷീ പറഞ്ഞു. മുമ്പൊക്കെ ഓരോ തവണയും പരീക്ഷയ്ക്ക് തോല്‍ക്കുമ്പോള്‍ അടുത്ത തവണ എഴുതി ജയിക്കാമെന്ന പ്രതീക്ഷയും ആത്മവിശ്വാസമുണ്ടായിരുന്നു ഷീക്ക്. എന്നാലിപ്പോള്‍ തന്റെ കഠിനാദ്ധ്വാനം എന്നെങ്കിലും ഫലം കാണുമോ എന്നാണ് സംശയിക്കുന്നതെന്നും പതിറ്റാണ്ടുകള്‍ക്കിടെ ഇങ്ങനെയൊരു തോന്നല്‍ ആദ്യമാണെന്നും ഷീ പറയുന്നു. മെച്ചപ്പെടുമെന്ന തോന്നലില്ലെങ്കില്‍ താന്‍ വീണ്ടും ശ്രമിക്കുന്നതില്‍ അര്‍ത്ഥമില്ല-ഷീ പറയുന്നു.