ന്യൂദൽഹി- പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ശുഐബ് അക്തറുമായി ദുബായി എയർപോർട്ടിൽവെച്ച് നടന്ന അപ്രതീക്ഷിത കൂടിക്കാഴ്ച പങ്കുവെച്ച് മുതിർന്ന കോൺഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായശശി തരൂർ. ഇരുവരും ഇരു രാജ്യങ്ങളെ കുറിച്ചും ക്രിക്കറ്റിനെ കുറിച്ചുമാണ് പ്രാധനമായും സംസാരിച്ചത്. എയർപോർട്ടിൽ രണ്ടു പേരേയും കണ്ടപ്പോൾ ധാരാളം പേർ സെൽഫിയെടുക്കാനുമെത്തി.
47 കാരനായ ഫാസ്റ്റ് ബൗളറെ തരൂർ പ്രശംസിച്ചു. ഇന്ത്യയിൽ ധാരാളം ആരാധകരുള്ള "സ്മാർട്ട് ആൻഡ് എൻഗേജിംഗ് മാൻ" എന്നാണ് ശുഐബിനെ തരൂർ വിശേഷിപ്പിച്ചത്. വിമാനത്താവളത്തിൽ തന്നെ കാണാനെത്തിയ നിരവധി ഇന്ത്യക്കാർ പാക് ക്രിക്കറ്റ് താരത്തിനൊപ്പവും സെൽഫി എടുത്തുവെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തു.
ദുബായ് വഴി ദൽഹിയിലേക്ക് മടങ്ങുമ്പോൾ എയർപോർട്ടിൽ ഹലോ എന്ന് പറഞ്ഞെത്തിയ ശുഐബ് അക്തർ തന്നെ ആശ്ചര്യപ്പെടുത്തി. ഫാസ്റ്റ് ബൗളർ എത്ര മിടുക്കനാണ്- തരൂർ ട്വീറ്റ് ചെയ്തു.
ഇന്ത്യ, പാകിസ്ഥാൻ, ക്രിക്കറ്റ് എന്നിവയൊക്കെ തങ്ങൾ തമ്മിലുള്ള സംഭാഷണത്തിൽ കടന്നുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ശശി ജിയെ കണ്ടത് ഏറെ ആഹ്ലാദം നൽകിയെന്നായിരുന്നു ശുഐബിന്റെ പ്രതികരണം.
ബ്രാഡ്‌ഫോർഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ രണ്ട് പരിപാടികളിൽ പങ്കെടുത്ത ശേഷം ഇംഗ്ലണ്ടിൽനിന്ന് ദൽഹിയിലേക്ക് മടങ്ങുകയായിരുന്നു തരൂർ. സാഹിത്യോത്സവത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. സൗഹൃദത്തിന്റെ അന്തരീക്ഷവും ആശയങ്ങളോടും എഴുത്തുകാരോടുമുള്ള ആത്മാർത്ഥമായ ആദരവും ശരിക്കും ആനന്ദിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഫെസ്റ്റിവലിൽ തരൂർ അദ്ദേഹത്തിന്റെ അമ്മയെക്കുറിച്ചുള്ള സഹോദരി ശോഭ തരൂർ ശ്രീനിവാസന്റെ 'ഗുഡ് ഇന്നിംഗ്സ്' എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയിലും പങ്കെടുത്തു.
ഡോ. അംബേദ്കറുടെ ജീവിതത്തെയും പൈതൃകത്തെയും കുറിച്ച് അമേരിക്കൻ അക്കാദമിക് വിദഗ്ധനായ സഈദ് ഖാനുമായുള്ള സംഭാഷണമായിരുന്നു മറ്റൊരു പരിപാടി.