ഷാര്‍ജ- പാസ്‌പോര്‍ട്ടും വീസയുമില്ലാതെ അഞ്ചു മക്കളെ വീടിനു പുറത്തിറക്കാതെ, സ്‌കൂളില്‍ പോലും വിടാതെ 30 വര്‍ഷത്തോളം നടപടി ഭയന്ന് തടവിനു സമാനമായ ജീവിതം നയിച്ച പ്രവാസി മലയാളിയുടെ കുടുംബത്തിന് വിവിധ കോണുകളില്‍ നിന്ന് സഹായ പ്രവാഹം. മലയാളിയായ 60കാരന്‍ മധുസൂധനന്റേയും 55കാരിയായ ശ്രീലങ്കന്‍ ഭാര്യ രോഹിണിയുടെയും അഞ്ചു മക്കളുടേയും ഞെട്ടിപ്പിക്കുന്ന കഥ ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് പുറം ലോകമറിഞ്ഞത്. ഇവരുടെ മക്കളായ അശ്വതി (29), സംഗീത (25), ശാന്തി (23), ഗൗരി (22), മിഥുന്‍ (21) എന്നിവര്‍ അത്യപൂര്‍വമായെ ഷാര്‍ജയിലെ ഇരുമുറി വാടക വീട് വിട്ടു പുറത്തിറങ്ങിയിട്ടുള്ളൂ. രേഖകളൊന്നുമില്ലാത്തതിനാല്‍ ജീവിതത്തിലൊരിക്കലും സ്‌കൂളില്‍ പോകാന്‍ പോലും ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. എല്ലാവരും തൊഴില്‍ രഹിതരുമാണ്.
ഈ കുടുംബത്തിന്റെ കരളലിയിക്കുന്ന കഥയറിഞ്ഞ് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ സഹായ വാഗ്ദാനവുമായി ഷാര്‍ജയിലെ ഇവരുടെ വീട്ടില്‍ നേരിട്ടെത്തി. ഇവരുടെ അപേക്ഷ പ്രകാരം പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ ശരിയാക്കി നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് ആക്ടിങ് കോണ്‍സല്‍ ജനറല്‍ സുമതി വസുദേവ് അറിയിച്ചു.
മധുസുധനന് മാത്രമെ പാസ്‌പോര്‍ട്ട് ഉള്ളൂ. അഞ്ചു മക്കളില്‍ നാലു പേര്‍ക്കും പാസ്‌പോര്‍ട്ട് ഉണ്ട്. എന്നാല്‍ ഇവയുടെ കാലാവധി 2012-ല്‍ അവസാനിച്ചിട്ടുണ്ട്. ഈ കുടുംബത്തിന്റെ ദുരിത ജീവിതം അറിഞ്ഞ് നിരവധി പ്രവാസികള്‍ ഇവര്‍ക്ക് സാഹയമെത്തിച്ചു നല്‍കുന്നുണ്ട്. മക്കള്‍ത്ത് ജോലി വാഗ്ദാനം ചെയ്തും പലരും സമീപിച്ചിട്ടുണ്ടെന്നും കോണ്‍സുലേറ്റ് അധികൃതര്‍ പറഞ്ഞു. ജോലി ലഭിച്ചാല്‍ ഓഫര്‍ ലെറ്ററുമായി ഇവര്‍ക്ക് പാസ്‌പോര്‍ട്ട് പുതുക്കാന്‍ അപേക്ഷിക്കാം. ശ്രീലങ്കക്കാരിയായ രോഹിണിയുടെ പാസ്‌പോര്‍ട്ട് പുതുക്കല്‍ നടപടികള്‍ ശ്രീലങ്കന്‍ കോണ്‍സുലേറ്റ് വഴിയാകും നടക്കുക.
മധുസൂധനന് ജോലി നഷ്ടമായതോടെയാണ് കുടുംബം പട്ടിണിയിലായത്. 1979-ല്‍ യുഎഇയിലെത്തിയ മധുസുധനന്‍ 1988-ലാണ് ശ്രീലങ്കക്കാരിയായ രോഹിണിയെ വിവാഹം ചെയ്തത്. നല്ല ജോലിയുണ്ടായിരുന്ന മധുസൂധനന് അതു നഷ്ടമായതോടെയാണ് ജീവിതം തടവറയ്ക്കു സമാനമായത്. ഭാര്യയ്ക്കും ജോലി നഷ്ടമായി. ഏറ്റവുമൊടുവില്‍ 2017-ലാണ് മധുസൂധനന്റെ ജോലി പോയത്. പ്രവാസി സംഘടനുകളുടേയും മറ്റും സഹായങ്ങളാലാണ് ഇപ്പോള്‍ പിടിച്ചു നില്‍ക്കുന്നത്.
2003, 2007, 2013 വര്‍ഷങ്ങളില്‍ യുഎഇ പൊതുമാപ്പ് നല്‍കിയിരുന്നെങ്കിലും കുടുംബം വേര്‍പ്പിരിഞ്ഞു പോകുമെന്ന കാരണത്താല്‍ ആ ആനുകൂല്യം ഉപയോഗപ്പെടുത്തിയില്ലെന്നും അദ്ദേഹം പറയുന്നു. ഭാര്യയ്ക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്ല. അവരെ വിട്ട് എനിക്ക് ഇന്ത്യയിലേക്ക് പോകാനാവില്ല. എന്റെ മക്കള്‍ക്കും അമ്മയെ പിരിയാനാവില്ല. കുടുംബത്തെ ഒന്നിച്ചു നിര്‍ത്താന്‍ എനിക്ക് ഇവിടെ തന്നെ തുടരേണ്ടി വന്നു- മധുസൂധനന്‍ പറയുന്നു. ഭാര്യ രോഹിണിയാണ് മക്കള്‍ക്ക് എഴുതാനും വായിക്കാനും അടക്കമുള്ള പ്രാഥമിക വി്ദ്യഭ്യാസം നല്‍കിയത്.താമസ, വിസാ രേഖകള്‍ താമസിയാതെ ശരിയാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.