മക്ക - വിശുദ്ധ ഹറമിനു സമീപമുള്ള ബസ് സ്റ്റേഷനുകളിൽ നിന്ന് പ്രായംചെന്ന തീർഥാടകരെ ഹറമിലെത്തിക്കാൻ ഹറംകാര്യ വകുപ്പ് ഗോൾഫ് കാർട്ട് സർവീസുകൾ ഏർപ്പെടുത്തി. ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസിന്റെ നിർദേശാനുസരണം മക്ക ഗവർണറേറ്റുമായി ഏകോപനം നടത്തിയാണ് പുതിയ സേവനം ആരംഭിച്ചത്. ഹറം സർവീസിന് ബസുകൾ ഉപയോഗിക്കുന്ന അജ്‌യാദ് അൽമസാഫി, ശഅബ് ആമിർ, കിംഗ് അബ്ദുൽ അസീസ് ഗെയ്റ്റ്, ജർവൽ ബസ് സ്റ്റേഷനുകളിൽ നിന്നാണ് ഹറമിലേക്ക് ഗോൾഫ് കാർട്ട് സർവീസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.
മെട്രോ സമയക്രമം പാലിക്കണമെന്ന്
മിന - കൂടുതൽ എളുപ്പമാർന്ന യാത്രാ സൗകര്യം ലഭിക്കാൻ ഹജ് തീർഥാടകർ തങ്ങൾക്ക് അനുവദിച്ച മശാഇർ മെട്രോ സർവീസ് സമയക്രമം പാലിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം. നീണ്ട കാത്തിരിപ്പ് സമയം ഒഴിവാക്കാനും പുണ്യസ്ഥലങ്ങൾക്കിടയിൽ എളുപ്പത്തിൽ സഞ്ചരിക്കാനും സാധിക്കുന്നതിന് എല്ലാവരും ട്രെയിൻ ഷെഡ്യൂൾ പാലിക്കാൻ പ്രത്യേകം ശ്രദ്ധ കാണിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.