മിന - പരമ്പരാഗത ആംബുലൻസുകൾക്ക് എത്തിപ്പെടാൻ സാധിക്കാത്ത പരുക്കൻ പ്രദേശങ്ങളിൽ നിന്ന് രോഗികളെയും പരിക്കേൽക്കുന്നവരെയും ആശുപത്രികളിലേക്ക് നീക്കാൻ ഇത്തവണത്തെ ഹജിന് റെഡ് ക്രസന്റ് പുതിയ ഇനം ആംബുലൻസ് ഉപയോഗിക്കുന്നു. വെള്ളവും ചെളിയും നിറഞ്ഞ പ്രദേശങ്ങൾ, പർവതപ്രദേശങ്ങൾ, സമതലങ്ങൾ എന്നിവിടങ്ങളിലെല്ലാം എളുപ്പത്തിൽ എത്തിപ്പെടാനും രോഗികളായ തീർഥാടകരെ വേഗത്തിൽ ആശുപത്രികളിലേക്ക് നീക്കാനും പുതിയ ആംബുലൻസിന് സാധിക്കും. മധ്യപൗരസ്ത്യദേശത്ത് ആദ്യമാണ് ഇത്തരത്തിൽപെട്ട ആംബുലൻസ് ഉപയോഗപ്പെടുത്തുന്നത്.
ദുഷ്കരമായ പ്രദേശങ്ങളുടെയും കാലാവസ്ഥകളുടെയും എല്ലാതരം തടസ്സങ്ങളും മറികടക്കാൻ സാധിക്കുന്നതിന് ടയറുകളിലെ എയർ പ്രഷർ സ്വയം കുറക്കാനും വർധിപ്പിക്കാനും തമയ്യ എന്ന് പേരിട്ട ആംബുലൻസിന് സാധിക്കും. രക്ഷാപ്രവർത്തനങ്ങൾ നടത്താൻ വെള്ളത്തിലും കരയിലും ഒരുപോലെ സഞ്ചരിക്കാൻ കഴിയുന്ന ആംബുലൻസ് ആണിതെന്ന് സൗദി റെഡ് ക്രസന്റ് വ്യക്തമാക്കി.
രണ്ടു രോഗികളെയും ഡ്രൈവറെ കൂടാതെ മറ്റു ആറു പേരെയും ഒരേസമയം നീക്കം ചെയ്യാൻ സാധിക്കും. ഇലക്ട്രിക് വെഹിക്കിളായ ആംബുലൻസിന് തുടർച്ചയായി 19 മണിക്കൂർ പ്രവർത്തിക്കാനും സാധിക്കും. ഡ്രൈവർക്ക് നിയന്ത്രിക്കാൻ കഴിയുന്ന വാണിംഗ് ലൈറ്റുകളും ഉയർന്ന ഗുണനിലവാരമുള്ളള ക്യാമറകളും ആംബുൻസിലുണ്ട്. മദീന, അൽഖസീം പ്രവിശ്യകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ പർവതത്തിന്റെ പേരാണ് തമയ്യ. ഈ പേരാണ് ആംബുലൻസിന് നൽകിയിരിക്കുന്നത്.