ന്യൂദല്‍ഹി- ദല്‍ഹിക്കു സമീപം ഉത്തര്‍പ്രദേശില്‍ ഉദ്ഘാടനം ചെയ്ത സാംസങ് സ്മാര്‍ട്ട് ഫോണ്‍ ഫാക്ടറി ആഗോള തലത്തില്‍ സുപ്രധാന നിര്‍മാണ കേന്ദ്രമാക്കി ഇന്ത്യയെ ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രത്യാശ പ്രകടിപ്പിച്ചു. ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാണ യൂണിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേയും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് 4915 കോടി രൂപ ചെലവില്‍ ആരംഭിച്ച സാംസങിന്റെ ഏറ്റവും വലിയ ഫാക്ടറി. ഒരു വര്‍ഷം കൊണ്ടാണ് നോയിഡയിലെ ഫാക്ടറി പ്രവര്‍ത്തന സജ്ജമായത്. ഇവിടെ നിര്‍മിക്കുന്ന സ്മാര്‍ട്ട് ഫോണുകളില്‍ ആഭ്യന്തര വിപണയില്‍ തന്നെ ചെലവഴിക്കാമെന്നാണ് സംസങ് കണക്കുകൂട്ടുന്നത്. 30 ശതമാനം ഫോണുകള്‍ കയറ്റി അയക്കും.
ഇന്ത്യയില്‍ 40 കോടി ആളുകള്‍ സ്മാര്‍ട്ട് ഫോണും 32 കോടി ആളുകള്‍ ബ്രോഡ്ബാന്റും ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയില്‍നിന്ന് കയറ്റി അയക്കുന്ന ഫോണുകള്‍ 30 ശതമാനമായി ഉയരുന്നതോടെ ആഗോാള വിപണിയില്‍ ഇന്ത്യക്ക് സ്ഥാനമുറപ്പിക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
മേയ്ക്ക് ഇന്‍ ഇന്ത്യക്ക് കരുത്ത് പകരുന്ന പദ്ധതി ഉത്തര്‍പ്രദേശിന്റേയും ഇന്ത്യയുടെയും അഭിമാനം ഉയര്‍ത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫാക്ടറി ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോഡിയും സൗത്ത് കൊറിയന്‍ പ്രസിഡന്റും ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്താണ് നോയിഡയില്‍ എത്തിയത്. ട്രെയിനില്‍ ഇരുവരും സംഭാഷണത്തിലേര്‍പ്പെട്ട ചിത്രങ്ങള്‍ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.