ന്യൂദല്‍ഹി- മണിപ്പൂരിലെ സാഹചര്യങ്ങള്‍ ധരിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി. അമേരിക്കയിലും ഈജിപ്തിലും പര്യടനം നടത്തിയ മോഡി കഴിഞ്ഞ ദിവസം രാത്രിയാണ് ഇന്ത്യയില്‍ മടങ്ങിയെത്തിയത്.
കലാപവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അമിത് ഷാ സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. യോഗത്തില്‍ പ്രധാനമന്ത്രിക്കെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. വിഷയത്തില്‍ മോഡി സ്വീകരിക്കുന്ന മൗനം ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ കുറ്റപ്പെടുത്തി.
അതേസമയം, പ്രധാനമന്ത്രി പരസ്യമായി പ്രതികരിച്ചില്ലെന്നു കരുതി സംഭവത്തില്‍ ഇടപെടുന്നില്ലെന്ന് അര്‍ഥമില്ലെന്ന് അമിത് ഷാ വിശദീകരിച്ചു. അദ്ദേഹം സ്ഥിതിവിവരങ്ങള്‍ വിലയിരുത്തകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.
ഞായറാഴ്ച രാത്രിയാണ് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയ ബി. ജെ. പി ദേശീയ പ്രസിഡന്റ് ജെ. പി നദ്ദയോട് ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്നാണ് പ്രധാനമന്ത്രി ആദ്യം ചോദിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്‍പത് വര്‍ഷത്തെ റിപ്പോര്‍ട്ട് കാര്‍ഡുമായി നേതാക്കള്‍ ജനങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും രാജ്യത്തെ ജനങ്ങള്‍ ഏറെ സന്തോഷവാന്മാരാണെന്നും നദ്ദ പറഞ്ഞതായി ബി. ജെ. പി എം. പി മനോജ് തിവാരി മാധ്യമങ്ങളോട് പറഞ്ഞു.