ചെന്നൈ- കോതയാര്‍ ഡാമിനു സമീപത്തെ കാട്ടില്‍ അരിക്കൊമ്പന് സുഖമാണെന്ന് തമിഴ്‌നാട് വനംവകുപ്പ്. തിരുനെല്‍വേലിക്കടുത്ത് കോതയാര്‍ വനത്തില്‍ കഴിയുന്ന അരിക്കൊമ്പന്റെ വീഡിയൊ ദൃശ്യങ്ങള്‍ തമിഴ്‌നാട് വനം വകുപ്പ് പുറത്തുവിട്ടു. സംസ്ഥാന വനം- പരിസ്ഥിതി- കാലാവസ്ഥ വ്യതിയാന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹുവാണ് അരിക്കൊമ്പന്റെ വീഡിയോ ട്വീറ്റ് ചെയ്തത്.
ആനക്കൂട്ടത്തിന് സമീപം മേയുന്ന അരിക്കൊമ്പന്‍ മറ്റ് ആനകളുമായി കൂട്ടുകൂടാന്‍ തയ്യാറായിട്ടില്ല. പക്ഷേ, ഇരുപത് ദിവസമായി അരിക്കൊമ്പന്‍ ഇവിടെ തുടരുന്നുണ്ട്. നല്ല ഭക്ഷണവും വെള്ളവും ലഭിക്കുന്ന ഇടമാണ് അരിക്കൊമ്പന്‍ താവളമാക്കിയിരിക്കുന്നത്.
പ്രദേശവുമായി ഇണങ്ങിയതിനാല്‍ കേരളത്തിലേക്കോ തമിഴ്‌നാട്ടിലെ അതിര്‍ത്തി ഗ്രാമങ്ങളിലേക്കോ അരിക്കൊമ്പന്‍ വരുമെന്ന ആശങ്ക ഒഴിഞ്ഞെന്നാണ് കരുതുന്നത്.
തുമ്പിക്കൈയിലുണ്ടായിരുന്ന പരുക്ക് ഉണങ്ങിയെന്ന് വനം വാച്ചര്‍മാര്‍ പറയുന്നു. കാലിനുണ്ടായിരുന്ന പരുക്കും ഭേദമായെന്നാണ് കരുതുന്നത്.
നിലവില്‍ ആന ആരോഗ്യവാനാണെന്നും കുപ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും സുപ്രിയ സാഹു പറഞ്ഞു. കൃത്യമായ വിവരങ്ങള്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ നിന്നു ലഭിക്കുമെന്നും അവര്‍ വിശദീകരിച്ചു.