അംബാനിയുടെ കടലാസ് സ്ഥാപനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ 'ശ്രേഷ്ഠ' പദവി; വിവാദം കൊഴുക്കുന്നു

ന്യൂദല്‍ഹി- സമ്പന്ന വ്യവസായി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപിക്കാനരിക്കുന്ന ജിയോ ഇന്‍സ്റ്റിറ്റിയൂട്ട് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് യാഥാര്‍ത്ഥ്യമാകുന്നതിനു മുമ്പ് തന്നെ ഉന്നത കലാലയങ്ങള്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന ശ്രേഷ്ഠ പദവി. രാജ്യത്തെ ഏറ്റവും മികച്ച ശാസ്ത്ര ഗവേഷണ സ്ഥാപനമായ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ്, ദല്‍ഹി, മുംബൈ ഐഐടികള്‍ എന്നീ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കൊപ്പം ബിറ്റ്‌സ് പിലാനി, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജുക്കേഷന്‍, ജിയോ ഇന്‍സ്റ്റിറ്റിയൂട്ട് എന്നീ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ 'ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഓഫ് എമിനന്‍സ്' പദവി നല്‍കിയത് കഴിഞ്ഞ ദിവസമാണ്. 

ഈ പദവി ലഭിക്കുന്നതോടെ കേന്ദ്ര സര്‍ക്കാരിന്റെ കോടികളുടെ ഫണ്ടും പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ സ്വയംഭരണാവകാശവും സ്ഥാപനങ്ങള്‍ക്കു ലഭിക്കും. ഇവയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനാണിത്. രാജ്യത്തെ മികവുറ്റ ഉന്നത കലാലയങ്ങള്‍ക്കു മാത്രമാണ് ഈ പദവി സാധാരണ നല്‍കി വരുന്നത്. എന്നാല്‍ ഇത്തവണ മൂന്ന് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ പദവി നല്‍കി. എന്നാല്‍ റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ഇനിയും സ്ഥാപിച്ചിട്ടില്ലാത്ത ജിയോ ഇന്‍സ്റ്റിറ്റിയൂട്ടിന് ഈ പദവി നല്‍കിയത് വിവാദമായിരിക്കുകയാണ്. പ്രവര്‍ത്തിച്ച് വര്‍ഷങ്ങളുടെ പാരമ്പര്യവും നേട്ടങ്ങള്‍ കൊയ്തതുമായി സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പദവി കടലാസില്‍ മാത്രം ഒതുങ്ങുന്ന ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ലാത്ത ജിയോ ഇന്‍സ്റ്റിറ്റിയൂട്ട് നല്‍കിയത് ഏതു മാനദണ്ഡ പ്രകാരണമാണെന്ന ചോദ്യമാണ് ഉയര്‍ന്നിരിക്കുന്നത്. കോണ്‍ഗ്രസ് അടക്കം ഇതിനെ ചോദ്യം ചെയ്തു രംഗത്തു വന്നു. എന്നാല്‍ പുതിയ നിര്‍ദിഷ്ഠ സ്ഥാപനങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയാണ് ജിയോ ഇന്‍സ്റ്റിറ്റിയൂട്ടിന് ശ്രേഷ്ഠ പദവി പദവി നല്‍കാന്‍ ശുപാര്‍ശ ചെയ്തത് എന്നാണ് യുജിസി സമിതി നല്‍കുന്ന വിശദീകരണം.

സോഷ്യല്‍ മീഡിയയില്‍ ഇതു വലിയ പ്രതിഷേധത്തിനും ചര്‍ച്ചകള്‍ക്കും ഇടയാക്കി. സര്‍ക്കാരിന്റെ കോടികള്‍ സ്വകാര്യ സ്ഥാപനങ്ങളുടെ നടത്തിപ്പിന് മുടക്കേണ്ടതുണ്ടോ എന്ന ചോദ്യമാണ് ഉയര്‍ന്നിരിക്കുന്നത്. തിങ്കളാഴ്ച ട്വിറ്റര്‍ ട്രെന്‍ഡില്‍ ജിയോ ആണ് മുന്നിലെത്തിയത്. വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മാനവശേഷി മന്ത്രി പ്രകാശ് ജാവഡേക്കറെ ടാഗ് ചെയ്തായിരുന്ന പല ട്വീറ്റുകളും. ജിയോ ഇന്‍സ്റ്റിറ്റിയൂട്ടിലേക്കുള്ള വഴി അന്വേഷിച്ചും വിലാസം തേടിയും സ്ഥാപനത്തിന്റെ പ്രവര്‍ത്തന മികവ് ചോദിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമായി. ബിജെപി സര്‍ക്കാര്‍ വീണ്ടും അംബാനിമാരെ സഹായിക്കാനിറങ്ങിയിരിക്കുന്നുവെന്നും ഏതു മാനദണ്ഡം അനുസരിച്ചാണ് ഇവരുടെ സാങ്കല്‍പ്പിക സ്ഥാപനത്തിന് ശ്രേഷ്ഠ പദവി നല്‍കിയതെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
 

Latest News