ടെക്സസ്- കടുത്ത ചൂടില്‍ തെക്കുപടിഞ്ഞാറന്‍ ടെക്സസിലെ ബിഗ് ബെന്‍ഡ് നാഷണല്‍ പാര്‍ക്കില്‍ കാല്‍നട യാത്ര നടത്തിയ രണ്ടുപേര്‍ മരിച്ചു. ഒരാളെ കാണാനില്ല. ഫ്ളോറിഡയില്‍ നിന്നുള്ള രണ്ട് സഹോദരങ്ങളും അവരുടെ രണ്ടാനച്ഛനും മറുഫോ വേഗ ട്രയലിലൂടെ പോകുമ്പോഴായിരുന്നു ദുരന്തം.
ബിഗ് ബെന്‍ഡ് നാഷണല്‍ പാര്‍ക്കിന്റെ ഏറ്റവും ചൂടേറിയ ഭാഗത്തിനുള്ളില്‍ വളരെ ദുര്‍ഘടമായ മരുഭൂമിയിലൂടെയും പാറക്കെട്ടുകളിലൂടെയുമാണ് മറുഫോ വേഗ ട്രയല്‍ നടപ്പാത പോകുന്നത്. തണലോ വെള്ളമോ ഇല്ലാത്തതിനാല്‍ ഈ കഠിനമായ പാത കടക്കാന്‍ വേനല്‍ച്ചൂടില്‍ ശ്രമിക്കുന്നത് അപകടകരമാണ്. ബിഗ് ബെന്‍ഡില്‍ നിലവില്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.
യാത്രയ്ക്കിടെ സഹോദരങ്ങളിലൊരാളായ 14 വയസുകാരന്‍ പാതയില്‍ ബോധം നഷ്ടപ്പെട്ടു വീഴുകയായിരുന്നു. 31കാരനായ രണ്ടാനച്ഛന്‍ സഹായം തേടി അവരുടെ വാഹനത്തിനരികിലേക്ക് തിരികെ പോയെങ്കിലും വാഹനം തിട്ടയില്‍ ഇടിച്ച നിലയിലും അദ്ദേഹം മരിച്ച നിലയിലുമാണ് പിന്നീട് കണ്ടെത്തിയത്. 21കാരനായ സഹോദരനെ കണ്ടെത്താന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.