ബംഗളൂരു- പരസ്പരം അടികൂടുന്നതിനിടെ വൃഷണത്തില്‍ പിടിച്ചു ഞെരിച്ചത് കൊല്ലാനല്ലെന്ന് കർണാടക ഹൈക്കോടതി. വധശ്രമത്തിന് 38കാരനെ ശിക്ഷിച്ച വിചാരണക്കോടതി വിധിയില്‍ ഇടപെട്ടുകൊണ്ടാണ് വൃഷണത്തില്‍ പിടിച്ചു ഞെരിച്ചത് കൊലപാതക ശ്രമമായി കാണാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.
എതിരാളിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം പ്രതിക്ക് ഇല്ലായിരുന്നുവെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. പരിക്കുകള്‍ ഏറ്റുമുട്ടിലനിടെ ഉണ്ടായതാണ്. പ്രതിയും പരാതിക്കാരനും തമ്മിലുള്ള തർക്കമാണ് സംഭവത്തിലേക്കു വഴിവച്ചതെന്നും കോടതി നിരീക്ഷിച്ചു. ബഹളം മൂര്‍ച്ഛിച്ച് തല്ലായതോടെ പ്രതി പരാതിക്കാരന്റെ വൃഷണങ്ങളില്‍ പിടിച്ചു ഞെരിച്ചു. പരാതിക്കാരനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി എത്തിയതെന്ന് പറയാനാവില്ല. അങ്ങനെയായിരുന്നെങ്കില്‍ പ്രതി കൊല നടത്തുന്നതിനുള്ള ആയുധവുമായിട്ടായിരിക്കും വരികയെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രതി പരാതിക്കാരനെ ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു. പരിക്ക് പരാതിക്കാരന്റെ മരണത്തിനു കാരണമായാല്‍പ്പോലും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം പ്രതിക്കുണ്ടായിരുന്നുവെന്നു പറയാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതിക്കു വിചാരണക്കോടതി വിധിച്ച ഏഴു വര്‍ഷം തടവ് ഹൈക്കോടതി മൂന്നു വര്‍ഷമായി കുറച്ചു.