ബംഗളൂരു-ക്ഷേത്രങ്ങൾ നിർമിക്കാൻ മുസ്ലിം പള്ളികൾ പൊളിക്കണമെന്ന വിവാദ പ്രസ്താവനയുമായി ബിജെ.പിയുടെ മുതിർന്ന നേതാവും കർണാടക മുൻ ഉപമുഖ്യമന്ത്രിയുമായ കെ.എസ് ഈശ്വരപ്പ. മുഗളന്മാർ തകർത്ത ക്ഷേത്രങ്ങൾ നിലവിൽ പള്ളികൾ നിലനിൽക്കുന്ന സ്ഥലത്ത് പുനർനിർമിക്കുമെന്ന് കർണാടകയിലെ ഹവേരി ജില്ലയിൽ നടന്ന പാർട്ടി യോഗത്തിൽ ഈശ്വരപ്പ പ്രഖ്യാപിച്ചു.
അയോധ്യയിൽ നമ്മൾ കണ്ടതിന് സമാനമായി കാശി വിശ്വനാഥ ക്ഷേത്രത്തെക്കുറിച്ചും കോടതി സർവേ റിപ്പോർട്ട് നൽകുകയാണ്. കാശി വിശ്വനാഥ ക്ഷേത്രത്തിനു പുറമെ മഥുര കൃഷ്ണ ക്ഷേത്രത്തിലും നമ്മൾ ഇതിനു സാക്ഷ്യം വഹിക്കും. പുതിയ പള്ളികൾ നശിപ്പിക്കാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. ക്ഷേത്ര സ്ഥലങ്ങളിൽ നിർമ്മിച്ചവ മാത്രമേ നശിപ്പിക്കുകയുള്ളൂ- ഈശ്വരപ്പ പറഞ്ഞു.
വർഗീയ, വിദ്വേഷ പ്രസ്താവനകളിൽ ഇതിനുമുമ്പും വിവാദം സൃഷ്ടിച്ച ബി.ജെ.പി നേതാവാണ് ഈശ്വരപ്പ. ഉച്ചഭാഷണികളിൽ ബാങ്ക് വിളിക്കുന്നത് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും ആശുപത്രികളിലെ രോഗികൾക്കും ശല്യമാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവന കുറച്ചുനാളുകൾക്ക് മുമ്പ് വിവാദം സൃഷ്ടിച്ചിരുന്നു.
ലൗഡ് സ്പീക്കറിലൂടെ പ്രാർത്ഥനകൾ കേൾപ്പിച്ചാൽ മാത്രമേ അല്ലാഹു കേൾക്കൂ എന്നായിരുന്നു ഈശ്വരപ്പെയുടെ ചോദ്യം. ബാങ്ക് വിളിയെ വലിയ തലവേദനയെന്ന് വിശേഷിപ്പിച്ച അദ്ദേഹത്തിന്റെ പരാമർശം മുസ്ലീം സമുദായത്തിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.