ബെംഗളൂരു- കേരളത്തിലുള്ള പിതാവിനെ സന്ദര്‍ശിക്കാനായി പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി ബെംഗളൂരുവില്‍ നിന്നും യാത്രതിരിച്ചു. ഏഴരയോടെ കൊച്ചിയിലെത്തും. തുടര്‍ന്ന് അന്‍വാര്‍ശേരിയിലേക്കു പോകും. ''വിചാരണത്തടവുകാരനായി ദീര്‍ഘനാളുകള്‍ കഴിയേണ്ടിവരുന്നു. നിയമസംവിധാനത്തിന് ഇത് അപമാനമാണ്. അധികാരികള്‍ ഇക്കാര്യം ആലോചിക്കണം'' മഅദനി പറഞ്ഞു. ആരോഗ്യം വളരെ മോശമായ നിലയിലാണെന്നും ബെംഗളൂരുവില്‍ നിന്നും യാത്രതിരിക്കുന്നതിനു മുന്‍പ് മഅദനി പറഞ്ഞു.
ബെംഗളൂരു സ്ഫോടനക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന മഅദനിക്ക് കേരളത്തിലേക്ക് പോകാന്‍ സുപ്രീം കോടതിയാണ് താല്‍ക്കാലിക അനുമതി നല്‍കിയത്. കര്‍ണാടക പോലീസിന്റെ സുരക്ഷയിലാണ് മഅദനി കേരളത്തിലേക്കു പോകേണ്ടതെന്ന് സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
കേരളത്തില്‍ തങ്ങുന്നതിനുള്ള സുരക്ഷയ്ക്കുള്ള ചെലവു മഅദനി തന്നെ വഹിക്കണമെന്നും നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതുപ്രകാരം സുരക്ഷയ്ക്കും പൊലീസ് അകമ്പടിക്കുമായി 54.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നായിരുന്നു കര്‍ണാടക പൊലീസ് നിര്‍ദേശം. സുരക്ഷയ്ക്കുള്ള ചെലവുതുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. കര്‍ണാടക സര്‍ക്കാരിന്റെ നടപടിയില്‍ ഇടെപടില്ലെന്നാണു സുപ്രീം കോടതി അറിയിച്ചത്.