ന്യൂദൽഹി-സി.പി.ഐ മാവോയിസ്റ്റ് ഭീകരപ്രവർത്തനത്തിന് സാമ്പത്തിക സഹായമെത്തിച്ച കേസിൽ നാലാമത്തെ പ്രതി കൂടി അറസ്റ്റിലായതായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറിയിച്ചു. ബിഹാറിലെ മഗദ മേഖലയിൽ നിരോധിത സംഘടനയെ വീണ്ടും സജീവമാക്കാൻ നടത്തിയ ശ്രമത്തെ തുടർന്നാണ് ആനന്ദി പാസ്വാനെന്നും ആനന്ദ് പാസ്വാനെന്നും അറിയപ്പെടുന്ന ഇയാൾ അറസ്റ്റിലായത്. ബിഹാറിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ അഞ്ചിലറേ ക്രിമിനൽ കേസുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അർവാൽ ജില്ലിയലെ കിഞ്ചാർ പ്രദേശത്ത് നിരഖ്പൂർ സ്വദേശിയായ 46 കാരന്റെ വസതിയിലും കേന്ദ്രങ്ങളിലും എൻ.ഐ.എ റെയ്ഡ് നടത്തി. മഗദ മേഖലയിൽ പ്രാദേശിക പ്രവർത്തകരുമായി ചേർന്ന് മാവോയിസ്റ്റ് പ്രവർത്തനം പുനരുജ്ജീവിക്കുന്നതിന് സാമ്പത്തിക സഹായം നൽകിയെന്ന കേസിൽ ഇത് നാലാമത്തെ അറസ്റ്റാണ്.
ആയുധ സന്നാഹങ്ങൾക്കും പുതിയ പ്രവർത്തകരെ റിക്രൂട്ട് ചെയ്യുന്നതിനും സി.പി.ഐ മാവോയസ്റ്റ് പണം ശേഖരിക്കുന്നുവെന്നാണ് എൻ.ഐ.എ കണ്ടെത്തിയത്. 2021 ൽ സ്വമേധയാ കേസെടുത്ത എൻ.ഐ.എ വിശദമായ അന്വേഷണം നടത്തിവരികയായിരുന്നു.