ലഖിംപൂർ ഖേരി (യു.പി) - വന്യമൃഗങ്ങൾ കാർഷികവിളകൾ ആക്രമിക്കപ്പെടുന്നത് തടയാൻ അധികൃതരോട് പറഞ്ഞു തോറ്റമ്പോൾ പുതുവഴി പരീക്ഷിച്ച് കർഷകർ. വിളകൾ നശിപ്പിക്കുന്ന കുരുങ്ങുകളെ തുരത്താൻ കരടിവേഷം കെട്ടിയിരിക്കുകയാണ് കർഷകർ. ഉത്തർ പ്രദേശിലെ ഒരു കരിമ്പ് തോട്ടത്തിലാണ് സംഭവം.
കരടിയുടെ വേഷം ധരിച്ച് കുരങ്ങുകളെ പേടിപ്പിച്ച് ഓടിക്കുകയാണ് ഇവർ ചെയ്യുന്നത്. ഒരു കർഷകൻ പറഞ്ഞത്: '40-45 കുരങ്ങന്മാരെങ്കിലും വരികയും തങ്ങളുടെ കരിമ്പ് പാടത്തിറങ്ങി വിളകൾ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. കുരങ്ങു ശല്യത്തിൽ പൊറുതിമുട്ടി അധികൃതരോട് പലവട്ടം കാര്യങ്ങൾ പറഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. അതിനാൽ നാലായിരം രൂപ മുടക്കി കരടി വേഷം വാങ്ങുകയായിരുന്നു.'
ന്യൂസ് ഏജൻസിയായ എ.എൻ.ഐയാണ് ഇത് സംബന്ധിച്ച വാർത്താപടം പുറത്തുവിട്ടത്. പാടത്തിന്റെ നടുവിൽ കരടിയുടെ വേഷം ധരിച്ച് കർഷകർ ഇരിക്കുന്നതാണ് ചിത്രം. 'ലഖിംപൂർ ഖേരിയിലെ ജഹാൻ നഗർ ഗ്രാമത്തിലെ കർഷകർ കുരങ്ങന്മാർ അവരുടെ കരിമ്പ് പാടം നശിപ്പിക്കുന്നത് തടയാൻ വേണ്ടി കരടി വേഷം കെട്ടിയിരിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് എ.എൻ.ഐ ചിത്രം പങ്കുവെച്ചത്. ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണിപ്പോൾ.
എന്നാൽ, ഇത് മികച്ച ഒരു ആശയമൊന്നുമല്ലെന്ന് ചിലർ പ്രതികരിച്ചിട്ടുണ്ട്. കാരണം, ലഖിംപൂർ ഖേരി, ദുധ്വ നാഷണൽ പാർക്കിന് സമീപമാണിത്. ഇവിടെ കടുവയും കരടിയും തമ്മിലുള്ള പോര് അത്ര അസാധാരണമല്ല. അതിനാൽ നല്ലപോലെ ജാഗ്രത വേണമെന്ന് ഇവർ ഓർമിപ്പിക്കുന്നു.