സെന്‍സേഷണല്‍ സ്റ്റോറികള്‍ക്ക് ഫോക്കസ് തെറ്റുന്നെന്ന് ഒബാമ

ഏഥന്‍സ്- അഞ്ച് ശതകോടീശ്വരന്‍മാര്‍ മുങ്ങിമരിക്കുമ്പോള്‍ വലിയ വാര്‍ത്തകളാക്കുന്ന മാധ്യമങ്ങള്‍ അഭയാര്‍ഥികളും കുടിയേറ്റക്കാരും ഉള്‍പ്പെടുന്ന 750ലേറെ പേര്‍ ബോട്ട് മുങ്ങി മരിക്കുമ്പോള്‍ വലിയ പ്രാധാന്യം നല്‍കുന്നില്ലെന്ന് യു എസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഏഥന്‍സിലെ ഒരു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കോടികള്‍ മുടക്കി ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ കടലിന് അടിയിലേക്ക് പോയവരുടെ പേടകവുമായി ബന്ധം വിച്ഛേദിക്കപ്പെട്ട നിമിഷം മുതല്‍ തെരച്ചില്‍ ആരംഭിക്കുകയും വാര്‍ത്തയാവുകയും ചെയ്തു. എന്നാല്‍ ഗ്രീക്ക് തീരത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി അഭയാര്‍ഥികളും കുടിയേറ്റക്കാരും മരിച്ചപ്പോള്‍ തെരച്ചില്‍ നടത്താന്‍ ആദ്യനിമിഷങ്ങളില്‍ അമാന്തം കാണിക്കുകയും വലിയ വാര്‍ത്താ പ്രാധാന്യം നല്‍കാതിരിക്കുകയും ചെയ്തു. സെന്‍സേഷണല്‍ സ്റ്റോറികള്‍ക്ക് ഫോക്കസ് നഷ്ടപ്പെടുന്നുണ്ടെന്നും ഒബാമ കുറ്റപ്പെടുത്തി. 

ഗ്രീക്ക് തീരത്ത് മത്സ്യബന്ധന ബോട്ട് അപകടത്തില്‍ മരിച്ച നൂറുകണക്കിന് കുടിയേറ്റക്കാര്‍ ഉള്‍പ്പെട്ട സമീപകാല ദുരന്തത്തിന് നല്‍കിയ മാധ്യമ ശ്രദ്ധയുടെ എതിര്‍ കാഴ്ചകളാണ് ടൈറ്റാന്‍ ദുരന്തത്തിലുണ്ടായത്. നിരാശരായ ആളുകളെ അപകടകരമായ യാത്രകളിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെ അടിയന്തിരമായി അഭിസംബോധന ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. 

മത്സ്യബന്ധന ബോട്ടിന്റെ ദാരുണമായ മുങ്ങിമരണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അന്തര്‍വാഹിനി സംഭവത്തിന് അമിതമായ വാര്‍ത്താ പ്രാധാന്യമാണ് നല്‍കിയത്.  അന്തര്‍വാഹിനിയിലെ യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ആഗ്രഹം അംഗീകരിച്ചുകൊണ്ടുതന്നെ ജീവന്‍ നഷ്ടപ്പെട്ട 700 കുടിയേറ്റക്കാരെ അവഗണിച്ചത് പാടില്ലാത്താതായിരുന്നുവെന്നും ഊന്നിപ്പറഞ്ഞു. 

തുടര്‍ന്നുള്ള ഒരു അഭിമുഖത്തിലും ഒബാമ തന്റെ നിലപാട് ആവര്‍ത്തിച്ചു. അസമത്വത്തിന്റെ തലങ്ങളും വാര്‍ത്താ സംഭവങ്ങള്‍ക്ക് നല്‍കുന്ന ശ്രദ്ധയും അദ്ദേഹം ഉയര്‍ത്തിക്കാട്ടി.

Latest News