വാഷിംഗ്ടൺ- അറ്റ്ലാന്റിക് സമുദ്രത്തിൽ തകർന്ന സമുദ്രപേടകമായ ടൈറ്റന്റെ അവശിഷ്ടങ്ങളായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് കൃത്രിമ ബുദ്ധി (ആർടിഫിഷ്യൽ ഇന്റലിജൻസ്) തയറാക്കിയ ചിത്രങ്ങൾ. അവശിഷ്ടങ്ങൾ കടൽത്തീരത്തും സമുദ്രത്തിന്റെ അടിത്തട്ടിലും കാണാമെന്ന് അവകാശപ്പെട്ടാണ് വ്യാജവും കൃത്രിമ ബുദ്ർധ സൃഷ്ടിച്ചതുമായ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്.
ടൈറ്റന്റെ ചില അവശിഷ്ടങ്ങൾ കണ്ടെത്തിയതായി യുഎസ് കോസ്റ്റ് ഗാർഡ് വ്യാഴാഴ്ച അറിയിച്ചിരുന്നു. പേടകത്തിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും മരിച്ചതായാണ് നിഗമനം. പേടകത്തിന്റെ അവശിഷ്ടങ്ങളുടെ ഔദ്യോഗിക ഫോട്ടോകളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നാൽ വ്യാജവും എ.ഐ സൃഷ്ടിച്ചതുമായ ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു.
വ്യാഴാഴ്ച മുതൽ ട്വിറ്ററിലെയും ഫേസ്ബുക്കിലെയും നിരവധി അക്കൗണ്ടുകൾ സമുദ്രത്തിന്റെ അടിത്തട്ടിൽ ടൈറ്റന്റെ അവശിഷ്ടങ്ങൾ കാണിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഫോട്ടോകൾ പങ്കിട്ടു.
നശിച്ച റോക്കറ്റ് എഞ്ചിൻ പോലെയാണ് വ്യാജ ചിത്രങ്ങൾ കാണപ്പെടുന്നത്. അവശിഷ്ടങ്ങൾ വെള്ളത്തിനടിയിൽ വെളിച്ചമില്ലാത്തിടത്ത് ആഴത്തിലാണെങ്കിൽ ഈ ചിത്രങ്ങൾ വളരെ വ്യക്തവും പൂർണ്ണമായി തെളിച്ചമുള്ളതുമാണ്. നിലവിൽ സമുദ്രനിരപ്പിൽ നിന്ന് 12,500 താഴെ മുങ്ങിപ്പോയ ടൈറ്റാനിക്കിനു സമീപം പേടകത്തിന്റെ വാൽഭാഗം കണ്ടെത്തിയതെന്നാണ് വ്യാഴാഴ്ച യുഎസ് കോസ്റ്റ് ഗാർഡ് വെളിപ്പെടുത്തിയിരുന്നത്.