ദുബായ്- ബലിപെരുന്നാള്‍ അവധി പ്രമാണിച്ച് ദുബായിലെ പൊതു പാര്‍ക്കിംഗ് നാല് ദിവസം സൗജന്യം. ഈ മാസം 27 മുതല്‍ 30 വരെ ബഹുനില ടെര്‍മിനലുകള്‍ ഒഴികെ പണമടച്ചുള്ള സോണുകളില്‍ പാര്‍ക്കിംഗ് ഫീസ് ബാധകമല്ല. ജൂലൈ ഒന്ന് ശനിയാഴ്ച മുതല്‍ ഫീസ് ബാധകമാകുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്.ടി.എ) അറിയിച്ചു.
അവധിക്കാലത്ത് വാഹന പരിശോധന, സേവന കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവൃത്തി സമയം മാറുമെന്നും ആര്.ടി.എ അറിയിച്ചു. വാഹനങ്ങളുടെ സാങ്കേതിക പരിശോധന ഈ മാസം 30 ന് പുനരാരംഭിക്കും. ഹാളുകള്‍ ജൂലൈ ഒന്നിന് വീണ്ടും തുറക്കും. അല്‍ കിഫാഫ് ഒഴികെയുള്ള എല്ലാ ഉപയോക്തൃ കേന്ദ്രങ്ങളും ഈ മാസം 27 മുതല്‍ 30 വരെ അടച്ചിടും. ഉമ്മു റമൂല്‍, ദെയ്റ, അല്‍ ബര്‍ഷ, ആര്‍ടിഎ ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ സ്മാര്‍ട്ട് കസ്റ്റമര്‍ സെന്ററുകള്‍ പതിവുപോലെ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും.
26 മുതല്‍ ജൂലൈ ഒന്ന് വരെ മെട്രോ സര്‍വീസ് രാവിലെ അഞ്ച് മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ ഒന്ന് വരെ പ്രവര്‍ത്തിക്കും. ജൂലൈ രണ്ടിനു രാവിലെ എട്ട് മുതല്‍ പിറ്റേദിവസം പുലര്‍ച്ചെ ഒന്ന് വരെയാണ് സമയം.
26 മുതല്‍ ജൂലൈ ഒന്ന് വരെ ട്രാം രാവിലെ 6 മുതല്‍ പിറ്റേദിവസം പുലര്‍ച്ചെ ഒന്ന് വരെ പ്രവര്‍ത്തിക്കും. ജൂലൈ രണ്ടിനു രാവിലെ ഒന്‍പത് മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒന്ന് വരെയാണ് ട്രാമിന്റെ സമയം.
പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അവധിയാണ് പെരുന്നാളിന് ലഭിക്കുക. ശനി-ഞായര്‍ വാരാന്ത്യമടക്കം ആറ് ദിവസത്തെ അവധിയാണ് കിട്ടുക.