ലഖ്നൗ- ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിൽ ഭൂമാഫിയയിൽ നിന്ന് ഭീഷണി നേരിട്ടിരുന്ന 25 കാരനായ പ്രാദേശിക മാധ്യമപ്രവർത്തകന് വെടിയേറ്റു.
വെടിയേറ്റ മനു അവസ്തിയെ പ്രാദേശിക മാധ്യമങ്ങൾ പത്രപ്രവർത്തകൻ എന്നാണ് വിശേഷിപ്പിക്കുന്നതെങ്കിലും ഉന്നാവോ പോലീസ് അഡീഷണൽ സൂപ്രണ്ട് (എഎസ്പി) ശശി ശേഖർ സിംഗ് ഇക്കാര്യം നിഷേധിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വാർത്തികൾ പ്രചരിപ്പിച്ചിരുന്ന അവസ്തി പത്രപ്രവർത്തകനല്ലെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത വെടിയുണ്ടകൾ .32 ബോർ പിസ്റ്റളിൽ നിന്നുള്ളതാണെന്നും എന്നാൽ അവസ്തിയുടെ വലതു തോളിൽ ഏറ്റ മുറിവുമായി ഇതു പൊരുത്തപ്പെടുന്നില്ലെന്നും പോലീസ് പറഞ്ഞു.
ഭൂമാഫിയയിൽ നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് അവസ്തി ഏതാനും മാസംമുമ്പ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് അവസ്തിക്ക് വീട്ടിൽ പോലീസ് സുരക്ഷ ഒരുക്കിയിരുന്നുവെന്നും എ.എസ്.പി പറഞ്ഞു. എന്നാൽ
മാതാപിതാക്കളുമായുള്ള തർക്കത്തെ തുടർന്ന് അവസ്തി താമസം സഹോദരിയോടൊപ്പമാക്കുകയും പോലീസ് സുരക്ഷ നിരസിക്കുകയും ചെയ്തു.
നേരത്തെ നൽകിയിരുന്ന വ്യക്തിഗത സുരക്ഷയും അവസ്തി നിഷേധിച്ചതായി പോലീസ് പറയുഞ്ഞു.
ഭൂമാഫിയക്കെതിരായ പരാതിയിൽ അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാരായ ആരെയും വെറുതെവിടില്ലെന്നും എഎസ്പി പറഞ്ഞു.
ബിജെപി നേതാവ് വിനയ് സിങ്ങിനെതിരെ വാർത്ത നൽകിയതിന് പിന്നാലെ തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് അവസ്തി വീഡിയോ പുറത്തുവിട്ടിരുന്നു. രജിസ്ട്രേഷൻ നമ്പറുകളില്ലാത്ത അജ്ഞാത കാറുകളാണ് തന്നെ പിന്തുടരുന്നതെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞു.
വെടിയേറ്റ സംഭവവുമായി ബന്ധപ്പെട്ട് അവസ്തിയിൽനിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലാത്തതിനാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.