പാലക്കാട് - കഞ്ചിക്കോട് കൈരളി സ്റ്റീൽ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ തൊഴിലാളി മരിച്ച സംഭവത്തിൽ സ്ഥാപനത്തിന്റെ ജനറൽ മാനേജർ അറസ്റ്റിൽ. ചാലക്കുടി സ്വദേശി ജിയോ ജോസിനെയാണ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തത്.
ഫാക്ടറിയിൽ സുരക്ഷാവീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് ഇയാൾക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ ഫർണസ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ എസ്കവേറ്റർ ഓപ്പറേറ്ററായ പത്തനംതിട്ട സ്വദേശി അരവിന്ദ് (21) മരിച്ചിരുന്നു. പൊട്ടിത്തെറിയുണ്ടായപ്പോൾ മറ്റ് തൊഴിലാളികൾ പുറത്തേക്ക് ഓടി രക്ഷപ്പെട്ടെങ്കിലും അരവിന്ദ് ഫാക്ടറിക്കുള്ളിൽ കുടുങ്ങുകയായിരുന്നു. ഇയാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പൊട്ടിത്തെറിയിൽ രണ്ടുപേർക്ക് പരുക്കേൽക്കുകയുമുണ്ടായി.