Sorry, you need to enable JavaScript to visit this website.

തോറ്റ നീ എങ്ങിനെ എം.കോം ക്ലാസിലെത്തി,  നിഖിലിന്റെ ടീച്ചര്‍ക്ക് ആദ്യമേ സംശയം 

കൊച്ചി- എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസിന്റെ തട്ടിപ്പിനെക്കുറിച്ച് ആദ്യ ക്‌ളാസില്‍ തന്നെ അദ്ധ്യാപികയ്ക്ക് സംശയമുണ്ടായിരുന്നു.  കായംകുളം എം എസ് എം കോളേജിലെ എം കോമിന്റെ ആദ്യ ക്‌ളാസില്‍ കൊമേഴ്സ് അദ്ധ്യാപിക നിഖിലിനോട് ഇതേക്കുറിച്ച് ആരാഞ്ഞിരുന്നു.
ബി കോം തോറ്റിട്ടും എങ്ങനെ എം കോമിന് പ്രവേശനം നേടിയെന്ന് അദ്ധ്യാപിക ചോദിച്ചപ്പോള്‍ തോറ്റ വിഷയങ്ങള്‍ സപ്‌ളിമെന്ററി പരീക്ഷയെഴുതി വിജയിച്ചുവെന്നായിരുന്നു നിഖിലിന്റെ മറുപടി. കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള നിഖിലിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നിഖില്‍ പലകാര്യങ്ങളും മറച്ചുവയ്ക്കുന്നുവെന്ന് പോലീസ് സംശയിക്കുന്നു. ഒളിവില്‍ പോകുന്നതിന് മുന്‍പ് ഫോണ്‍ തോട്ടില്‍ കളഞ്ഞുവെന്ന മൊഴി വിശ്വാസയോഗ്യമല്ലെന്നും പൊലീസ് പറയുന്നു.
കായംകുളം പാര്‍ക്ക് ജംഗ്ഷന് സമീപത്തെ കരിപ്പുഴ തോട്ടിലാണ് ഫോണ്‍ ഉപേക്ഷിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. എസ് എഫ് ഐ കായംകുളം മുന്‍ ഏരിയാ പ്രസിഡന്റ് അബിന്‍ സി രാജ് നടത്തുന്ന എറണാകുളത്തെ ഓറിയോണ്‍ എന്ന സ്ഥാപനം വഴിയാണ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത്. സര്‍ട്ടിഫിക്കറ്റിനായി അബിന് പണം നല്‍കിയത് അബിന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്കാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കായംകുളം ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജൂണ്‍ 30വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Latest News