ന്യൂദല്‍ഹി- ആഗ്ര നഗരത്തിനു പുറത്തുള്ളവര്‍ക്ക് താജ്മഹലിനകത്തെ പള്ളിയില്‍ ജുമുഅ നമസ്‌കാരം നിര്‍വഹിക്കാനാകില്ലെന്ന്് സുപ്രീം കോടതി. ഇതു സംബന്ധിച്ച് ആഗ്ര അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. താജ്മഹല്‍ ഏഴു ലോകമഹാത്ഭുതങ്ങളില്‍ പെട്ട ഒരു സ്മാരകമാണ്. പുറമേ നിന്നുള്ള ആളുകള്‍ക്ക് മറ്റു പള്ളികളില്‍ നമസ്‌കരിക്കാം- ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി കഴിഞ്ഞ ജനുവരി 24നാണ് ആഗ്ര നിവാസികള്‍ അല്ലാത്തവര്‍ താജ്മഹലിനുള്ളിലെ പള്ളിയില്‍ വെള്ളിയാഴ്ച നമസ്‌കാരത്തിന് എത്തരുതെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. ഇതിനെതിരെ താജ്മഹല്‍ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം ഹുസൈന്‍ സൈദിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. വര്‍ഷം മുഴുവന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ താജ്മഹലില്‍ എത്തുന്നുണ്ട്. അവരെ താജ്മഹലിനുള്ളിലെ പള്ളിയില്‍ നമസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന എ.ഡി.എമ്മിന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം.
എന്നാല്‍, അത്തരം പ്രാര്‍ഥനകള്‍ നടത്താന്‍ താജ്മഹലിലേക്കു പോകുന്നത് എന്തിനാണെന്നും മറ്റുള്ള പള്ളികളില്‍ നിസ്‌കാരം നടത്തിക്കൂടെ എന്നുമാണ് സുപ്രീംകോടതി ബെഞ്ച് ചോദിച്ചത്.