ഭദോഹി- ഉത്തർപ്രദേശിലെ ഭദോഹിയിൽ ബി ആർ അംബേദ്കറുടെ പ്രതിമ നീക്കാൻ ശ്രമിച്ച പോലീസിനുനേരെ കല്ലേറ്.
അനധികൃതമായി സ്ഥാപിച്ചവെന്ന് ആരോപിച്ചാണ് അംബേദ്കറുടെ പ്രതിമ ഒറ്റരാത്രികൊണ്ട് നീക്കം ചെയ്യാൻ ശ്രമിച്ചത്. ഒരു സംഘം ആളുകൾ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ നടത്തിയ കല്ലേറിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഭദോഹി പോലീസ് സ്റ്റേഷൻ പരിസരത്ത് അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ബലം പ്രയോഗിച്ചതായും സർക്കിൾ ഓഫീസർ ഭുവനേശ്വർ കുമാർ പാണ്ഡെ പറഞ്ഞു.
മൂന്ന് സ്ത്രീകളുൾപ്പെടെ 11 പേരെ സംഭവസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. കോട് വാലി നഗരത്തിലെ മുശിലാത്പൂർ ഗ്രാമത്തിലെ കുളത്തിനായി നീക്കിവെച്ച ഭൂമിയിൽ വെള്ളിയാഴ്ച രാത്രിയാണ് അംബേദ്കർ പ്രതിമ സ്ഥാപിച്ചതെന്ന് ഭുവനേശ്വർ കുമാർ പാണ്ഡെ പറഞ്ഞു. പരാതി ലഭിച്ചതിനെത്തുടർന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ജില്ലാ അധികൃതരും സ്ഥലത്തെത്തി പ്രതിമ നീക്കം ചെയ്യാൻ നാട്ടുകാരോട് ആവശ്യപ്പെട്ടത്. നാട്ടുകാർ കൂട്ടാക്കാത്തതിനെ തുടർന്ന് പ്രതിമ നീക്കം ചെയ്യാൻ ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോൾ ജനക്കൂട്ടം കല്ലേറ് ആരംബിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തി ചാർജ് നടത്തി.
പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും സർക്കിൾ ഓഫീസർ പറഞ്ഞു.
പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ക്രമസമാധാനപാലനത്തിനായി അധിക പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ അറസ്റ്റ് ചെയ്യാൻ തെരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. നീക്കിയ പ്രതിമ ഉദ്യോഗസ്ഥർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കയാണ്.