മദീന - മദീനയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 16 വിദേശ ഹജ് തീര്‍ഥാടകരെ ഹജ് കര്‍മം നിര്‍വഹിക്കാന്‍ അവസരമൊരുക്കി മെഡിക്കല്‍ ജീവനക്കാരുടെ അകമ്പടിയോടെ ആംബുലന്‍സുകളില്‍ പുണ്യസ്ഥലങ്ങളിലെ ആശുപത്രികളിലെത്തിച്ചു. ഹാജിമാരെ നീക്കാന്‍ 27 ആംബുലന്‍സുകളും ഏഴു സപ്പോര്‍ട്ട് വാഹനങ്ങളും ഉപയോഗിച്ചതായി മദീന ഗവര്‍ണറേറ്റ് അറിയിച്ചു. രോഗികളെ അനുഗമിക്കുന്നവര്‍ക്കു വേണ്ടി പ്രത്യേക ബസും മൊബൈല്‍ ക്ലിനിക്കും വാഹന വ്യൂഹത്തിലുണ്ടായിരുന്നെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.
ഡോക്ടര്‍മാരും നഴ്സുമാരും അടക്കം 83 ആരോഗ്യ പ്രവര്‍ത്തകര്‍ രോഗികളായ ഹാജിമാരെ അനുഗമിച്ചു. മദീനയില്‍ ഇതുവരെ 45,000 ലേറെ ഹാജിമാര്‍ക്ക് ആരോഗ്യ സേവനങ്ങള്‍ നല്കി. വിദേശങ്ങളില്‍ നിന്ന് 8,33,000 ഹാജിമാരാണ് മദീനയിലെത്തിയത്. ഇക്കൂട്ടത്തില്‍ 7,98,000 പേര് വെള്ളിയാഴ്ച അര്‍ധ രാത്രി വരെ മദീന സിയാറത്ത് പൂര്‍ത്തിയാക്കി മക്കയിലേക്ക് തിരിച്ചു. വെള്ളിയാഴ്ച അര്‍ധ രാത്രിയിലെ കണക്കുകള്‍ പ്രകാരം 34,700 ലേറെ ഹാജിമാരാണ് മദീനയിലുള്ളതെന്നും മദീന ഗവര്‍ണറേറ്റ് പറഞ്ഞു.