വാഷിംഗ്ടൺ- ചൈനയിലെ വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരീക്ഷണത്തിൽ നിന്നാണ് കോവിഡ്-19 മഹാമാറിയുടെ ഉത്ഭവമെന്നതിന് നേരിട്ടുള്ള തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് യു.എസ് ഇന്റലജിൻസ് ഏജൻസികൾ വെളിപ്പെടുത്തുന്നു. ലബോറട്ടറിയിൽ നിന്നാണ് വൈറസ് വന്നത് എന്നതിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെങ്കിലും യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന് ഇപ്പോഴും പകർച്ചവ്യാധിയുടെ ഉത്ഭവം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് നാഷണൽ ഇന്റലിജൻസ് ഡയറക്ടറുടെ (ഒഡിഎൻഐ) ഓഫീസിന്റെ നാല് പേജ് റിപ്പോർട്ടിൽ പറയുന്നു.
സെൻട്രൽ ഇന്റലിജൻസ് ഏജൻസിക്കും മറ്റൊരു ഏജൻസിക്കും കോവിഡ് മഹാമാരിയുടെ കൃത്യമായ ഉത്ഭവം നിർണ്ണയിക്കാൻ കഴിയുന്നില്ല, സ്വാഭാവികമാണെന്നും ലാബിൽനിന്നാണെന്നുമുള്ള രണ്ട് സിദ്ധാന്തങ്ങളും അനുമാനങ്ങളെയാണ് കൂടുതലായും ആശ്രയിക്കുന്നത്. രണ്ട് സിദ്ധാന്തങ്ങളും പരസ്പരവിരുദ്ധമായ വെല്ലുവിളികൾ നേരിടുകയും ചെയ്യുന്നുവെന്ന് ഒഡിഎൻഐ റിപ്പോർട്ടിൽ പറയുന്നു.
വുഹാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (ഡബ്ല്യുഐവി) കൊറോണ വൈറസുകളെക്കുറിച്ച് വിപുലമായ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും പൊട്ടിത്തെറിക്ക് കാരണമായേക്കാവുന്ന ഒരു പ്രത്യേക സംഭവത്തിന്റെ തെളിവുകൾ ഏജൻസികൾ കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്.