ചെന്നൈ-ട്രാഫിക് നിയമലംഘനങ്ങള്‍ കുറയ്ക്കുന്നതിനും അവസാനിപ്പിക്കുന്നതിനുമായി പലതരത്തിലുള്ള നിയമ നടപടികളും പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകാറുണ്ട്. എന്നാല്‍, അതില്‍നിന്നെല്ലാം വ്യത്യസ്തമായ പുതിയൊരു നീക്കവുമായി എത്തിയിരിക്കുകയാണ് ചെന്നൈ ട്രാഫിക് പോലീസ്. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോ ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിട്ടത്. എന്നാല്‍, വീഡിയോയുടെ ആധികാരികത സംബന്ധിച്ച് സംശയങ്ങളുണ്ട്. ചെന്നൈ ട്രാഫിക് പോലീസ് നടപ്പിലാക്കിയ പദ്ധതി എന്ന രീതിയിലാണ് ഈ ട്രാഫിക് സിഗ്നല്‍ പരിഷ്‌കാരത്തിന്റെ വീഡിയോ പ്രചരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചെന്നൈ ട്രാഫിക് പോലീസിന്റെ ഭാഗത്തു നിന്നും ഇതുവരെയും സ്ഥിരീകരണം വന്നിട്ടില്ല. സംഗതി ഇതാണ്. നിങ്ങള്‍ ട്രാഫിക് സിഗ്നല്‍ നിയമങ്ങള്‍ ലംഘിക്കുന്നത് ക്യാമറയില്‍ പതിഞ്ഞാല്‍ ഉടനടി നിങ്ങളുടെ ചിത്രവും പേരും പ്രത്യേകമായി സജ്ജീകരിച്ച ഡിജിറ്റല്‍ സൈന്‍ബോര്‍ഡില്‍ തെളിയും. ഒപ്പം നിങ്ങള്‍ പിഴയായി അടയ്ക്കേണ്ട തുകയും. ഈ രീതിയില്‍ ട്രാഫിക് സിഗ്നല്‍ തെറ്റിച്ച ഒരാളുടെ ചിത്രവും വിവരവും ഡിജിറ്റല്‍ സൈന്‍ബോര്‍ഡില്‍ തെളിയുന്നതാണ് വീഡിയോ. ഇത് കണ്ട് സിഗ്നലില്‍ നില്‍ക്കുന്നവര്‍ പരസ്പരം നോക്കുന്നതും കാണാം.
വീഡിയോ വൈറലായതോടെ പുത്തന്‍ പരിഷ്‌കാരത്തിന് വലിയ പിന്തുണയാണ് ഒരു വിഭാഗം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ നല്‍കുന്നത്. എന്നാല്‍, മറ്റൊരു വിഭാഗം അനാവശ്യമായ പരിഷ്‌കാരം എന്ന രീതിയിലാണ് വീഡിയോയോട് പ്രതികരിച്ചത്.