ന്യൂയോര്‍ക്ക്- കാണാതായ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ തേടിയുള്ള യാത്ര ഒരു മഹാദുരന്തമായതിന്റെ ഞെട്ടലിലാണ് ലോകം. ജൂണ്‍ 18 -നാണ് അഞ്ച് യാത്രികരടങ്ങിയ ആ സാഹസിക സംഘം കടലില്‍ അപ്രത്യക്ഷമാകുന്നത്. അന്നു മുതല്‍ തുടങ്ങിയ തിരച്ചിലുകള്‍ക്ക് പരിസമാപ്തി കുറിച്ച് ഇപ്പോള്‍ പുറത്തിവന്നിരിക്കുന്നത് ഒരിക്കലും കേള്‍ക്കാന്‍ ഇടയാകരുതേയെന്ന് ലോകം മുഴുവന്‍ ആഗ്രഹിച്ച ഒരു വാര്‍ത്തയാണ്. അഞ്ച് യാത്രികരും മരണപ്പെട്ടതായുള്ള സ്ഥിരീകരണമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ടൈറ്റാനിക്കുമായി ബന്ധപ്പെട്ട നിരവധി ചര്‍ച്ചകളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത്. ഇതിനിടെ ഒരു റെഡ്ഡിറ്റ് പോസ്റ്റ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. തകര്‍ന്ന ടൈറ്റാനിക് കപ്പലിന് സമീപത്ത് വെച്ച് വിവാഹിതരാകാന്‍ തീരുമാനിച്ച ഒരു ദമ്പതികളുടെ കഥയാണ് ഇത്.
ന്യൂയോര്‍ക്ക് നിവാസികളായ ഡേവിഡ് ലീബോവിറ്റ്‌സും കിംബര്‍ലി മില്ലറും ആണ് ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപത്തുവെച്ച് വിവാഹിതരായത്. 2001 -ലായിരുന്നു ഇവര്‍ ഈ സാഹസിക വിവാഹം നടത്തിയത്. ഹോളിവുഡ് ചിത്രമായ ടൈറ്റാനിക്കില്‍ ഉപയോഗിച്ചതിന് സമാനമായ ഒരു മുങ്ങിക്കപ്പലിനുള്ളില്‍ തകര്‍ന്ന ടൈറ്റാനിക് അവശിഷ്ടങ്ങള്‍ക്കരികിലെത്തി മുങ്ങിക്കപ്പലിനുള്ളില്‍ തന്നെ ഇരുന്നുകൊണ്ടായിരുന്നു ഇവര്‍ വിവാഹം കഴിച്ചത്.
അതേസമയം, 1912 -ലെ ദുരന്തത്തില്‍ മരണമടഞ്ഞ 1,523 വ്യക്തികളോട് ദമ്പതികള്‍ അനാദരവ് കാണിച്ചു എന്നതുള്‍പ്പടെയുള്ള വിമര്‍ശനം അവര്‍ക്ക് അന്ന് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍, അതൊന്നും കാര്യമാക്കാതെയാണ് ഇവര്‍ തങ്ങളുടെ തീരുമാനത്തില്‍ ഉറച്ച് നിന്നത്. ബ്രിട്ടീഷ് ഓഷ്യന്‍ ലൈനര്‍ ആയ ക്യു ഇ 2-വിന്റെ കമാന്‍ഡിംഗ് ഓഫീസര്‍ ക്യാപ്റ്റന്‍ റോണ്‍ വാര്‍വിക്കിനൊപ്പം ആണ് അന്ന് അവര്‍ ആ സാഹസിക വിവാഹം യാഥാര്‍ഥ്യമാക്കിയത്. റഷ്യന്‍ ഗവേഷണ കപ്പലായ അക്കാദമിക് കെല്‍ഡിഷിന്റെ ഓപ്പറേഷന്‍ റൂമില്‍ നിന്നാണ് ക്രൂയിസ് ലൈനര്‍ വിവാഹചടങ്ങുകള്‍ അന്ന് നിയന്ത്രിച്ചത്. ടൈറ്റാനിക്കിലേക്കുള്ള സന്ദര്‍ശനത്തിന് ഒരാള്‍ക്ക് 36,000 ഡോളര്‍ അന്ന് ചെലവായിരുന്നു.