ബണ്ട- ചപ്പാത്തി കരിഞ്ഞുവെന്ന കാരണം പറഞ്ഞ് മൂന്ന് തലാഖും ചൊല്ലി വീട്ടില്‍നിന്ന് പുറത്താക്കിയെന്ന പരാതിയുമായി യുവതി പോലീസ് സ്‌റ്റേഷനില്‍. ഉത്തര്‍പ്രദേശിലെ മഹബൂബ ജില്ലയിലെ പഹ്‌റേത്ത ഗ്രാമത്തിലാണ് സംഭവം.
24 കാരിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തതായി സീനിയര്‍ പോലീസ് ഉദ്യോഗസ്ഥന്‍ ബന്‍ഷ്‌രാജ് യാദവ് പറഞ്ഞു. മുത്തലാഖ് ചൊല്ലി ഒഴിവാക്കുന്നതിനു മൂന്ന് ദിവസം മുമ്പ് ഭര്‍ത്താവ് സിഗരറ്റ് കൊണ്ട് കുത്തി പൊള്ളലേല്‍പിച്ചതായും യുവതി പരാതിയില്‍ പറയുന്നു.
സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുത്തലാഖ് നിരോധിക്കാനുള്ള ബില്‍ രാജ്യസഭ ഇനിയും അംഗീകരിച്ചിട്ടില്ല. നിയമ സമത്വം ഉറപ്പു നല്‍കുന്ന ഭരണഘടനയുടെ 14-ാം വകുപ്പ് പ്രകാരം മുത്തലാഖ് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 22 -ന് ഉത്തരവിട്ടിരുന്നു.
വാട്‌സാപ്പ് അടക്കം ഉപയോഗിച്ച് മൂന്ന് തലാഖും ഒരുമിച്ച് ചൊല്ലി വിവാഹ മോചനം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി ഏതാനും വനിതകള്‍ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നായിരുന്നു മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന ഉത്തരവ്.