ന്യൂദല്‍ഹി - പ്രതിപക്ഷം ഒറ്റക്കെട്ടായി ബി.ജെ.പിക്കെതിരെ തെരെഞ്ഞെടുപ്പിനെ നേരിടുമെന്ന് പറഞ്ഞ് നാവെടുക്കും മുന്‍പ് കോണ്‍ഗ്രസിനെതിരെ ആം ആദ്മി പാര്‍ട്ടി. കോണ്‍ഗ്രസുമായുള്ള എത് സഖ്യവും വളരെ ബുദ്ധിമുട്ടേറിയതായിരിക്കുമെന്നാണ് ആംആദ്മി പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. ദല്‍ഹിയിലെ സേവന നിയന്ത്രണത്തിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിലെ നിലപാടിനെ ചൊല്ലിയാണ് കോണ്‍ഗ്രസുമായി അഭിപ്രായവ്യത്യാസം. നാല് മണിക്കൂര്‍ നീണ്ട പ്രതിപക്ഷ യോഗത്തിന് ശേഷം നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ആംആദ്മി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ വിട്ടുനിന്നിരുന്നു. ഇതോടെ ഇരുപാര്‍ട്ടികള്‍ക്കുമിടയിലെ വിള്ളല്‍ വ്യക്തമായി.
കോണ്‍ഗ്രസിനെക്കുറിച്ച് ആംആദ്മി പാര്‍ട്ടി ഉന്നയിക്കുന്ന ആരോപണം ഇങ്ങനെയാണ് : ' ഏതാണ്ട് എല്ലാ വിഷയങ്ങളിലും നിലപാട് സ്വീകരിക്കുന്ന ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ്, ദല്‍ഹിയിലെ സേവന നിയന്ത്രണത്തിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെക്കുറിച്ച് ഇതുവരെ പരസ്യമായി നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും, കോണ്‍ഗ്രസിന്റെ ഡല്‍ഹി, പഞ്ചാബ് യൂണിറ്റുകള്‍ ഈ വിഷയത്തില്‍ പാര്‍ട്ടി മോഡി സര്‍ക്കാരിനെ പിന്തുണയ്ക്കണമെന്ന് പ്രഖ്യാപിച്ചു. ഓര്‍ഡിനന്‍സിനെ വെല്ലുവിളിക്കാതെ വിടുകയാണെങ്കില്‍ അത് മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കാവുന്ന അപകടകരമായ പ്രവണതയ്ക്ക് തുടക്കമിടുകയും അതിന്റെ ഫലമായി ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് അധികാരം കവര്‍ന്നെടുക്കുകയും ചെയ്യും. ഒരു ടീം പ്ലെയറായി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് വിസമ്മതിക്കുന്നത് ആംആദ്മി പാര്‍ട്ടിയെ സംബ്ധിച്ചിടത്തോളം കോണ്‍ഗ്രസ് ഭാഗമായ ഒരു സഖ്യത്തെ ഉള്‍ക്കൊള്ളുന്നത് ബുദ്ധിമുട്ടാക്കും',
അതേസമയം പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പ് കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഗെ വ്യക്തമാക്കിയത്.