ന്യൂദല്‍ഹി- ഏറെ കോളിളക്കം സൃഷ്ടിച്ച 2012ലെ ദല്‍ഹി കൂട്ടബലാല്‍സംഗ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മൂന്ന് പ്രതികളുടെ ശിക്ഷാ ഇളവ് തേടിയുള്ള പുനപ്പരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. ഓടുന്ന ബസില്‍ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസില്‍ നാലു പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന മുന്‍ തീരുമാനത്തില്‍ തന്നെ ഉറച്ചു നില്‍ക്കുന്നുവെന്ന് കോടതി വ്യക്തമാക്കി. വധ ശിക്ഷ കാത്തു കഴിയുന്ന നാലു പ്രതികളില്‍ മൂന്ന് പേരാണ് ശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ടത്. സുപ്രീം കോടതിയും കൈവിട്ടതോടെ ഇനി ദയാഹരജിയുമായി രാഷ്ട്രപതിയെ സമീപിക്കുക എന്ന വഴി മാത്രമെ ഇവര്‍ക്കു മുന്നിലുള്ളൂ.
വിധി പുനപ്പരിശോധിക്കേണ്ട സാഹചര്യമോ പുതിയ തെളിവുകളോ ഇല്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. ശിക്ഷിക്കപ്പെട്ട മുകേശ് (29), പവന്‍ ഗുപ്ത (22), വിനയ് ശര്‍മ (23) എന്നീ പ്രതികളാണ് കോടതിയെ സമീപിച്ചത്. ഇവര്‍ക്ക് വധശിക്ഷ നല്‍കിയ വിചാരണ കോടതി വിധി നേരത്തെ ഹൈക്കോടതി ശരിവച്ചിരുന്നു. മേയ് അഞ്ചിന് സുപ്രീം കോടതിയും ഈ വിധി ശരിവച്ചു. തുടര്‍ന്നാണ് പുനപ്പരിശോധനാ ഹര്‍ജിയുമായി ഇവര്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. നീതിയുടെ പേരിലുള്ള അരുംകൊലയാണ് വധശിക്ഷയെന്നായിരുന്നു ഇവരുടെ വാദം.
ആറു പ്രതികളില്‍ ഒരാള്‍ ബസ് ഡ്രൈവറായ രാം സിങ് ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി മൂന്ന് വര്‍ഷത്തെ സംരക്ഷണ തടവ് പൂര്‍ത്തിയാക്കി നേരത്തെ മോചിതനായിട്ടുണ്ട്.