Sorry, you need to enable JavaScript to visit this website.

ദിലീപ് വിഷയത്തെ ചൊല്ലി അമ്മ പിളര്‍പ്പിന്റെ വക്കോളമെത്തിയെന്ന് മോഹന്‍ലാല്‍

കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയായ നടന്‍ ദീലീപിനെ ചൊല്ലി താരസംഘടനയായ അമ്മ അംഗങ്ങള്‍ക്കിടയില്‍ കടുത്ത ഭിന്നത ഉണ്ടായിരുന്നതായി പ്രസിഡന്റ് മോഹന്‍ലാല്‍. സംഘടന പിളര്‍പ്പിലേക്ക് പോകുമെന്ന സാഹചര്യം ഉണ്ടായപ്പോഴാണ് മമ്മൂട്ടിയുടെ വീട്ടില്‍ വച്ച് ചേര്‍ന്ന എക്‌സിക്യുട്ടീവ് യോഗം ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ദിലീപ് ഇപ്പോഴും സംഘടനയ്ക്കു പുറത്താണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. കൊച്ചിയില്‍ ഇന്ന് നടന്ന അമ്മ യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മോഹന്‍ലാല്‍ വിവാദങ്ങളെ കുറിച്ച് സംസാരിച്ചത്.

ദിലീപിനെ പുറത്താക്കാനുള്ള എക്‌സിക്യൂട്ടീവ് യോഗ തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്നതു കൊണ്ടാണ് ഇതു ജനറല്‍ ബോഡി യോഗത്തില്‍ ചര്‍്ച്ച ചെയ്തത്. ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ആരും എതിരു പറഞ്ഞില്ല. വിവാദങ്ങളെ തുടര്‍ന്ന് ദിലീപ് സംഘടനയിലേക്ക് വരുന്നില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ദിലീപ് ഇപ്പോഴും അമ്മയ്ക്കു പുറത്താണ്. കാര്‍മേഘമെല്ലാം മാറി ദിലീപ് കുറ്റക്കാരനല്ലെന്നു കണ്ടെത്തിയാല്‍ അദ്ദേഹത്തിനു തിരിച്ചു വരാം. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയും കുറ്റാരോപിതനും അമ്മയുടെ ഭാഗമാണ്. സത്യം തെളിയണം. ഇപ്പോള്‍ പ്രതികരിക്കുന്നവരും പ്രതിഷേധിക്കുന്നവരും അമ്മ യോഗത്തില്‍ ഒന്നും പറഞ്ഞില്ല. ആര്‍ക്കു വേണമെങ്കിലും അഭിപ്രായം പറയാം- മോഹന്‍ലാല്‍ പറഞ്ഞു. 

സിനിമാ രംഗത്തെ വനിതാ കുട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവുമായി (ഡബ്ല്യു.സി.സി) ഏതു വിഷയവും ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നും അവരും അമ്മയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. അമ്മ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്ന ശേഷം ഡബ്ല്യു.സി.സിയുമായി ചര്‍ച്ച നടത്തും. ഇന്ന് നടന്നത് എക്‌സിക്യൂട്ടീവ് യോഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടു പേരുടെ രാജി മാത്രമാണ് ലഭിച്ചത്. അവര്‍ തിരിച്ചു വരികയാണെങ്കില്‍ അമ്മ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കും. രാജിയുടെ കാരണം അവര്‍ വിശദീകരിക്കേണ്ടി വരുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
 

Latest News