കൊപ്പല്‍ (കര്‍ണാടക) - ഒറ്റമുറി ഷെഡില്‍ മകനോടൊപ്പം താമസിക്കുന്ന തൊണ്ണൂറുകാരിയായ വയോധികക്ക് ലഭിച്ചത് ഒരു ലക്ഷത്തിലേറെ രൂപയുടെ കറന്റ് ബില്‍. കര്‍ണാടകയിലെ കൊപ്പലിലാണ് ഒരു ബള്‍ബ് മാത്രം കത്തിക്കുന്ന ഗിരിജമ്മയ്ക്ക് 1,03,315 രൂപയുടെ കറന്റ് ബില്ല് വന്നത്. ബില്ല് കണ്ട് എത്തും പിടിയും കിട്ടാതെ ഗിരിജമ്മ തളര്‍ന്നിരിക്കുന്നതിനിടയിലാണ് ബില്ലടക്കേണ്ടതില്ലെന്ന് മന്ത്രിയുടെ അറിയിപ്പെത്തിയത്. ഇതോടെയാണ് ഗിരിജമ്മയ്ക്ക് സമാധാനമായത്. കൊപ്പല്‍ താലൂക്കിലെ ഭാഗ്യനഗറില്‍ ചെറിയ ഷെഡിലാണ് ഗിരിജമ്മ താമസിക്കുന്നത്. മീറ്റര്‍ റീഡിംഗിലെ പിഴവ് മൂലമാണ് അധിക ബില്ല് വന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു. തനിക്ക് എല്ലാ മാസവും 70 രൂപയോ 80 രൂപയോ മാത്രമാണ് വൈദ്യുതി ബില്‍ ലഭിച്ചിരുന്നതെന്ന് ഗിരിജമ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാര്‍ ഇവര്‍ക്ക് ഭാഗ്യജ്യോതി പദ്ധതിയിലാണ് വൈദ്യുതി കണക്ഷന്‍ നല്‍കിയത്. 18 യൂണിറ്റ് സൗജന്യ വൈദ്യുതി ലഭിക്കുന്നതിനാല്‍ പ്രതിമാസം 70 മുതല്‍ 80 രൂപ വരെ ബില്‍ ലഭിച്ചിരുന്നു. ഗിരിജമ്മയുടെ അപ്പീലിനെ തുടര്‍ന്ന് ബില്ലടയ്‌ക്കേണ്ടതില്ലെന്ന് കര്‍ണ്ണാടക ഊര്‍ജമന്ത്രി കെ ജെ ജോര്‍ജ് പറഞ്ഞു. ' ബില്ലില്‍ പറഞ്ഞിരിക്കുന്ന തുക തെറ്റാണ്, മീറ്ററിലെ തകരാര്‍ മൂലമാണ് ഇത് സംഭവിച്ചത്. അവര്‍ ബില്ലടയ്ക്കേണ്ടതില്ല ' മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ പ്രസ്താവനയെ തുടര്‍ന്ന് ഗുല്‍ബര്‍ഗ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ഉദ്യോഗസ്ഥര്‍ ഗിരിജമ്മയുടെ വീട്ടിലെത്തി. വൈദ്യുതി മീറ്റര്‍ പരിശോധിച്ച് സാങ്കേതിക തകരാറാണെന്ന് സ്ഥിരീകരിച്ചു. ജീവനക്കാരുടെയും ബില്‍ കളക്ടറുടെയും പിഴവാണ് സംഭവിച്ചതെന്നും വീഴ്ച വരുത്തിയ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു.