ജിദ്ദ- സൗദിയിൽ വേനലവധിക്ക് സ്കൂളുകൾ അടച്ചതോടെ നാട്ടിലേക്കുള്ള യാത്രാ തിരക്ക് വർധിച്ചു. ജിദ്ദയിലെ രണ്ട് ടെർമിനലുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. അതിനിടെ, വിവിധ എയർലൈനുകൾ സംസം നിയന്ത്രണം കർശനമാക്കിയതു കാരണം സംസം ബോട്ടിലുകളുമായി എത്തിയവർ വലഞ്ഞു. കുടുംബസമേതവും അല്ലാതെയും പോകുന്നവർ എയർപോർട്ടിനു പുറത്തുളള കൗണ്ടറിൽനിന്ന് സംസം വാങ്ങിയാണ് അകത്തു കയറുന്നത്. ചെക്ക് ഇൻ ഹാളിൽ സംസം ബോട്ടിലുകളുമായി ക്യൂ നിൽക്കുന്നവർക്ക് കൗണ്ടറുകളിൽനിന്ന് നിരാശരായി മടങ്ങേണ്ടിവരുന്നു.
നോർത്ത് ടെർമിനലിൽനിന്ന് സർവീസ് നടത്തുന്ന സ്പൈസ് ജെറ്റ്, എയർ ഇന്ത്യ എക്സ്പ്രസ് കമ്പനികൾ കഴിഞ്ഞ ദിവസങ്ങളിൽ ഉംറ, വിസിറ്റ് വിസക്കാരെ മാത്രമാണ് സംസം കൊണ്ടുപോകാൻ അനുവദിച്ചത്. ഇതു കാരണം സംസം ബോട്ടിലുകൾ വാങ്ങി അകത്ത് പ്രവേശിച്ചവർക്ക് ഉപേക്ഷിക്കേണ്ടി വന്നു.
നോർത്ത് ടെർമിനലിൽ ടിക്കറ്റ് പരിശോധിച്ച് യാത്രക്കാരെ മാത്രമാണ് ചെക്ക് ഇൻ ഹാളിലേക്ക് കടത്തിവിടുന്നത്. കുടുംബങ്ങളെ യാത്ര അയക്കാനെത്തിയവർക്ക് ഇതും ബുദ്ധിമുട്ടായി. വെള്ളിയാഴ്ച രാവിലെ പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം ഉച്ചക്ക് 1.20 ലേക്ക് മാറ്റിയത് അറിയാതെ രാവിലെ തന്നെ എയർപോർട്ടിൽ എത്തിയവരുമുണ്ട്. ഇ മെയിലിൽ യാത്രക്കാരെ അറിയിച്ചിരുന്നുവെന്നാണ് എയർലൈൻ അധികൃതർ വിശദീകരിക്കുന്നത്. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി സ്പൈസ് ജെറ്റ് ഈയിടെയായി പല ദിവസങ്ങളിലും സർവീസ് റദ്ദാക്കുകയോ റീ ഷെഡ്യൂൾ ചെയ്യുകയോ ചെയ്തിട്ടുണ്ട്. ഇ മെയിൽ അറിയിപ്പുകൾ ശ്രദ്ധിച്ചില്ലെങ്കിൽ യാത്രാക്കർ ശരിക്കും വലയും. യാത്രക്കാർ പലതും കണക്കിലെടുത്താണ് വളരെ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നതെങ്കിലും എയർലൈനുകൾ അതൊന്നും പരിഗണിക്കാതെ അവർക്ക് തോന്നുന്ന ദിസവത്തേക്ക് റീ ഷെഡ്യൂൾ ചെയ്യകയാണെന്നാണ് ആക്ഷേപം.
ഉംറ, വിസിറ്റ് വിസ കാണിക്കാൻ കഴിയാത്തവർക്ക് സംസം ബോട്ടിലുകൾ കൊണ്ടു പോകാൻ കഴിയില്ലെന്നും യാത്രക്കാരെ മാത്രമേ ചെക്ക് ഇൻ ഹാളിലേക്ക് കടത്തി വിടുകയുള്ളൂവെന്നുമുള്ള അപ്ഡേറ്റുകൾ മനസ്സിലാക്കിയാൽ എയർപോർട്ടിലെത്തിയ ശേഷം ബുദ്ധിമുട്ടേണ്ടിവരില്ല. ഉംറ ചെയ്തവർക്ക് നുസുക് അപ്ലിക്കേഷൻ നൽകുന്ന ഉംറ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ഉണ്ടായാൽ ഒരാൾക്ക് ഒരു സംസം ബോട്ടിൽ കൊണ്ടുപോകാമെന്നായിരുന്നു നേരത്തെ അറിയിപ്പ്. സൗജന്യ ചെക്ക് ഇൻ ബാഗേജിൽ ഉൾപ്പെടുത്തിയാണോ അതല്ല, വേറെ തന്നെ സൗജന്യം ലഭിക്കുമോ എന്ന കാര്യം മാത്രം നോക്കിയാൽ മതിയായിരുന്നു. ഏതാനും ദിവസം മുമ്പുവരെ എയർലൈനുകൾ എല്ലാ യാത്രക്കാരേയും സംസം ബോട്ടിലുകൾ കൊണ്ടുപോകൻ അനുവദിക്കുകയും ചെയ്തിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പലരും സംസം ബോട്ടിലുകളുമായി ചെക്ക് ഇൻ ഹാളിൽ പ്രവേശിക്കുന്നത്. വാങ്ങിയ സംസം ബോട്ടിൽ എന്തു ചെയ്യുണമെന്ന് നിശ്ചയമില്ലാത്തവർ ആർക്കെങ്കിലും ദാനം ചെയ്തശേഷമാണ് ഡിപാർചർ ലോഞ്ചിലേക്ക് പോകുന്നത്.