കൊച്ചി : മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയായ കെ പി സി സി പ്രസിഡണ്ട് കെ. സുധാകരന്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. എത്ര ചോദ്യങ്ങള്‍ ക്രൈംബ്രാഞ്ച് തയ്യാറാക്കിയാലും അതിനെല്ലൊം ഉത്തരം നല്‍കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കടല്‍ താണ്ടിയവനാണ് താന്‍, തന്നെ കൈത്തോട് കാണിച്ച് ഭയപ്പെടുത്തേണ്ട. കൈക്കൂലി വാങ്ങാത്ത രാഷ്ട്രീയക്കാരനാണ്. അറസ്റ്റ് ചെയ്യണമെങ്കില്‍ ചെയ്‌തോട്ടെ, ഒരു ആശങ്കയുമില്ല. മുന്‍കൂര്‍ ജാമ്യം കിട്ടിയിട്ടുണ്ട്. കോടതി അടക്കമുള്ള നിയമ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും സുധാകരന്‍ പറഞ്ഞു. സുധാകരനെ ചോദ്യം ചെയ്യും മുമ്പ് പരാതിക്കാരായ യാക്കൂബ്, ഷമീര്‍,അനൂപ് അഹമ്മദ് എന്നിവരില്‍ നിന്ന് അന്വേഷണ സംഘം മൊഴി എടുത്തിരുന്നു. എം.പി. ആകുന്നതിനുമുമ്പും ശേഷവും സുധാകരന്‍ മോന്‍സനുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയതിന്റെ തെളിവുകളും ഫോണ്‍വിളി വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചതായാണ് വിവരം. മോന്‍സന്റെ ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണ്‍ എന്നിവയില്‍നിന്നടക്കം തെളിവുകളും ശേഖരിച്ചിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് സുധാകരന്റെ പങ്കാളിത്തം അന്വേഷിക്കണമെന്ന് കോഴിക്കോട് പന്തീരങ്കാവ് സ്വദേശി എം.ടി. ഷെമീറാണ് പരാതിനല്‍കിയത്. സുധാകരന്‍ മോന്‍സന്‍ന്റെ കൈയില്‍നിന്ന് 10 ലക്ഷം രൂപ വാങ്ങുന്നത് കണ്ടെന്ന ദൃക്സാക്ഷികളുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.