ആലപ്പുഴ - വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച കേസിലെ പ്രതി എസ്.എഫ്.ഐ കായംകുളം മുന്‍ ഏരിയാ സെക്രട്ടറി നിഖില്‍ തോമസ് വ്യാജ സര്‍ട്ടിഫിക്കറ്റിനായി ഒരു നേതാവിനു രണ്ട് ലക്ഷം രൂപ നല്‍കിയതായി പൊലീസിനു തെളിവ് ലഭിച്ചു. നേരത്തെ എസ് എഫ് ഐ കായംകുളം ഏരിയ പ്രസിഡന്റായിരുന്ന ഇയാള്‍ ഇപ്പോള്‍ വിദേശത്ത് അധ്യാപകനാണ്. എജ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി നടത്തിയിരുന്ന ഇയാള്‍ പലര്‍ക്കും ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചു നല്‍കിയതായും പൊലീസ് സംശയിക്കുന്നുണ്ട്. 2020 ല്‍ നിഖിലിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് 2 ലക്ഷം രൂപ അയച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്യാനുള്ള ശ്രമങ്ങള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. കേസെടുത്ത് മൂന്ന് ദിവസമായിട്ടും നിഖിലിനെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചു. നിഖില്‍ ഒളിവില്‍ പോകുന്നതിന്റെ തലേ ദിവസം ഒപ്പം ഉണ്ടായിരുന്ന സി പി എം കായംകുളം ഏരിയ കമ്മിറ്റി അംഗം ഉള്‍പ്പെടെ ആറ് പേരെ പൊലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു.