Sorry, you need to enable JavaScript to visit this website.

തായ്‌ലന്‍ഡ് ഗുഹയില്‍ വെള്ളം ഉയരുന്നു; രണ്ടാംഘട്ട രക്ഷാ ദൗത്യം തുടങ്ങി

രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന പുതിയ ഉപകരണം.
ബാങ്കോക്ക്- തായ്‌ലന്‍ഡിലെ താം ലുവാംഗ് ഗുഹയില്‍ കുടുങ്ങിയവരില്‍ ശേഷിക്കുന്ന ഫുട്ബോള്‍ ടീം അംഗങ്ങളെയും കോച്ചിനേയും പുറത്തെത്തിക്കാനുള്ള രണ്ടാംഘട്ട രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമായി. കനത്ത മഴയും വെള്ളക്കെട്ടും   വലിയ ഭീഷണിയായി തുടരുകയാണ്.
കഴിഞ്ഞ ദിവസം നടത്തിയ അടിയന്തര രക്ഷാദൗത്യത്തിലൂടെ നാല് പേരെ പുറത്തെത്തിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസം ദൗത്യസേനയ്ക്കുണ്ടെങ്കിലും മഴ വീണ്ടും ശക്തമാവുകയാണെങ്കില്‍ ദൗത്യം നിര്‍ത്തിവെക്കേണ്ടി വരും. ഗുഹയില്‍ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ഓക്സിജന്‍ ഉറപ്പാക്കിയിട്ടുണ്ട്. കോച്ചടക്കം ഇനി ഒമ്പത് പേരെയാണ് ഗുഹയ്ക്ക് പുറത്തേക്കെത്തിക്കേണ്ടത്. ഇന്ന് തന്നെ എല്ലാവരേയും പുറത്തെക്കാനാണ് സംഘത്തിന്റെ ശ്രമമെങ്കിലും ഇത് പുര്‍ണമായും നിറവേറ്റാന്‍ ഏകദേശം 20 മണിക്കൂറോളം പിടിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന.
കനത്ത മഴയോടും പ്രളയത്തോടുമുള്ള  പോരാട്ടം കൂടിയാണ് രക്ഷാപ്രവര്‍ത്തനം. മഴ ശക്തമായാല്‍ ഗുഹയ്ക്കുള്ളില്‍ 16 അടിവരെയെങ്കിലും വെള്ളം ഉയരും. അങ്ങനെയായാല്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്‌കരമാവുകയും ചെയ്യും.
ഒമ്പത് പേരാണ് ഇപ്പോഴും ഗുഹയ്ക്കുള്ളില്‍ ഉള്ളതെങ്കിലും രണ്ട് പേരെ കൂടി കഴിഞ്ഞ ദിവസം ഗുഹയ്ക്കുള്ളിലെ സുരക്ഷിത കേന്ദ്രത്തില്‍ സുരക്ഷാ അധികൃതര്‍ എത്തിച്ചിരുന്നു. താരതമ്യേന ആരോഗ്യ സ്ഥിതി മോശമായവരെ ആദ്യം പുറത്തെത്തിക്കുന്ന രീതിയിലാണ് രക്ഷാപ്രവര്‍ത്തനം.
രണ്ട് സംഘങ്ങളായി ബാക്കിയുള്ളവരെ പുറത്തെക്കാനാണ് ഇപ്പോഴത്തെ ശ്രമമമെന്ന്  ഓസ്േ്രടലിയന്‍ വിദേശകാര്യമന്ത്രി ജൂലി ബിഷപ്പ് പറഞ്ഞു. ദൗത്യത്തിനായി 19 പേരെയാണ് ഓസ്‌ട്രേലിയ തായ്ലന്‍ഡിലേക്ക് അയച്ചത്.

Latest News