പട്‌ന-ബിഹാറില്‍ കിലോമീറ്ററുകള്‍ താണ്ടി ഗ്രാമത്തിന് പുറത്തേക്ക് പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സ്വന്തം ഗ്രാമത്തില്‍ സ്‌കൂള്‍ പണിയാന്‍ സ്ഥലം വിട്ടുനല്‍കി കര്‍ഷകന്‍. സുബോധ് യാദവ് എന്ന കര്‍ഷകനാണ് തന്റെ സ്ഥലം വിട്ടുനല്‍കിയത്. അമ്മ ചന്ദ്രികാ ദേവിയുടെ ആഗ്രഹപ്രകാരമാണ് മകനായ സുബോധ് തന്റെ പേരിലുള്ള ഭൂമി ബിഹാര്‍ ഗവണ്‍മെന്റിന് ഗ്രാമത്തില്‍ സ്‌കൂള്‍ പണിയുന്നതിന് വേണ്ടി വിട്ടുകൊടുത്തിരിക്കുന്നത്.
ബിഹ്പൂര്‍ ബ്ലോക്കിലെ കഹാര്‍പൂര്‍ എന്ന ഗ്രാമം ഭഗല്‍പൂരിലെ ജില്ലാ ആസ്ഥാനത്ത് നിന്ന് 45 കിലോമീറ്റര്‍ അകലെയാണ്. 2020 -ല്‍ ഇവിടെ കോസി നദിയിലെ ജലനിരപ്പ് ഉയരുകയും സ്‌കൂള്‍ വെള്ളത്തില്‍ മുങ്ങിപ്പോവുകയും ചെയ്യുകയായിരുന്നു. ഇതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് കഷ്ടപ്പാടുകള്‍ സഹിച്ച് പഠിക്കാന്‍ ദൂരത്തേക്ക് പോകേണ്ടി വന്നത്. എട്ട് ലക്ഷം രൂപയെങ്കിലും കിട്ടുന്ന തന്റെ 11 സെന്റ് ഭൂമിയാണ് സുബോധ് യാദവ് സ്‌കൂള്‍ പണിയാനായി നല്‍കയിരിക്കുന്നത്. അമ്മയുടെ വാക്കുകള്‍ അനുസരിച്ച സുബോധ് സ്ഥലം വിട്ടുനല്‍കുകയായിരുന്നു. തന്റെ അമ്മയെ അങ്ങനെ എന്നും ഗ്രാമം ഓര്‍മ്മിക്കുമല്ലോ എന്നാണ് സുബോധ് പറയുന്നത്. എന്നാല്‍ ഈ ഗ്രാമത്തില്‍ സര്‍ക്കാര്‍ പുതുതായി സ്‌കൂള്‍ നിര്‍മ്മിക്കാന്‍ വേണ്ടി സ്ഥലം അന്വേഷിക്കുന്നുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് ചന്ദ്രികാ ദേവി മകന്‍ സുബോധിനോട് സ്ഥലം സ്‌കൂള്‍ പണിയുന്നതിന് വേണ്ടി വിട്ടുകൊടുക്കാന്‍ പറയുന്നത്.