ന്യൂദല്‍ഹി- ജമ്മുകശ്മീരില്‍ രണ്ട് ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ജമ്മു കശ്മീര്‍ ഭരണസമിതി രണ്ട് ഡോക്ടര്‍മാരെ പിരിച്ചുവിട്ടത്. ഡോ ബിലാല്‍ അഹമ്മദ് ദലാല്‍, ഡോ നിഗാത് ഷഹീന്‍ ചിലൂ എന്നിവരെയാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. ഇവര്‍ ചില സംഘങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് കൂട്ടുനിന്നെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.ഷോപ്പിയാനില്‍ 2009 ല്‍ മുങ്ങിമരിച്ച രണ്ട് പെണ്‍കുട്ടികളുടെ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടില്‍ തിരിമറി നടത്തിയെന്നാണ് കണ്ടെത്തല്‍. അസിയ, നിലോഫര്‍ എന്നീ പെണ്‍കുട്ടികളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ച് കൊന്നെന്നായിരുന്നു ആരോപണം. ഇത് ശരിവെക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപക സംഘര്‍ഷമുണ്ടായിരുന്നു. ഈ സംഭവത്തിലേക്ക് നയിച്ചത് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ തിരിമറിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്തത്.