ഹൈദരാബാദ്- സീരിയൽ കില്ലർ പിടിയിലായതോടെ മൂന്ന് കൊലപാതക കേസുകളുടെ ചുരുളഴിഞ്ഞതായി സൈബരാബാദ് പോലീസ്.
മെയ്‌ലാർദേവ്പള്ളിയിലെ ലക്ഷ്മിഗുഡയിൽ താമസിക്കുന്ന ബയാഗരി പ്രവീൺ (34) ആണ് പിടിയിലായത്. ഇയാൾ ജൂൺ 20, 21 തീയതികളിൽ ഫുട്പാത്തിൽ ഉറങ്ങിയിരുന്ന രണ്ട് പേരെ കൊലപ്പെടുത്തി. ജൂൺ ഏഴിന് മയിലാർദേവ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരാൾ കൊല്ലപ്പെട്ടിതിനു പിന്നിലും ഇയാളാണെന്ന് സൈബരാബാദ് പോലീസ് കമ്മീഷണറേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
സ്വപ്‌ന തിയേറ്ററിന് സമീപം എത്തിയപ്പോൾ കജാരിയ ടൈൽസ് കടയ്ക്ക് സമീപം ഒരാൾ ഉറങ്ങുന്നത് കണ്ടുവെന്നും പ്രതി അയാളുടെ തലയിൽ കല്ലു കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയെന്നും രാജേന്ദ്രനഗർ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജഗദീശ്വർ റെഡ്ഡി പറഞ്ഞു. തുടർന്ന് പ്രവീൺ ഒരു കിലോമീറ്റർ അകലെയുള്ള ദുർഗാനഗർ ക്രോസ്‌റോഡിലേക്ക് പോയപ്പോൾ മറ്റൊരാൾ ഉറങ്ങുന്നത് കണ്ടുവെന്നും അയാളേയും ഇതേ രീതിയിൽ കൊലപ്പെടുത്തി ഇരയുടെ പോക്കറ്റിൽ നിന്ന് പണം കൈക്കലാക്കിയെന്നും ഡിസിപി പറഞ്ഞു. ജൂൺ 7 ന് നേതാജിനഗറിലും ഉറങ്ങിക്കിടന്നയാളെ കൊലപ്പെടുത്തി പണം കൈക്കലാക്കുകയായിരുന്നു.
സൈബരാബാദ് പോലീസ് രൂപീകരിച്ച പ്രത്യേക സംഘമാണ് ഒടുവിൽ ഇയാളെ പിടികൂടിയത്. 50 രൂപക്കും നൂറു രൂപക്കും വേണ്ടിയാണ് ആളുകളെ കൊലപ്പെടുത്തിയതെന്ന് ഇയാൾ സമ്മതിച്ചു. കുറ്റകൃത്യം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രവീണാണ് പ്രതിയെന്ന് കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും.
പ്രതി സ്ഥിരം കുറ്റവാളിയാണെന്നും എട്ട് കേസുകളിൽ ഉൾപ്പെട്ടയാളാണെന്നും പോലീസ് പറഞ്ഞു. 2011 ലും പിന്നീട് 2014 ലും ശിക്ഷിക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടു. 2010ൽ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് മോഷണക്കേസുകളിലും 2011ൽ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് മോഷണക്കേസുകളിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്.