Sorry, you need to enable JavaScript to visit this website.

സുപ്രീം കോടതി വിധി നടപ്പിലാക്കി നിലമ്പൂരിലെ ഭൂസമരം അവസാനിപ്പിക്കണമെന്ന് ആദിവാസി കൂട്ടായ്മ

ആദിവാസി നേതാക്കൾ മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ.

മലപ്പുറം - നിലമ്പൂർ മേഖലയിൽ ആദിവാസികൾക്ക് വിതരണം ചെയ്യുവാൻ വേണ്ടി സുപ്രീം കോടതി വിധി പ്രകാരം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന 538 ഏക്കർ ഭൂമിയുടെ വിതരണം ചെയ്യാൻ നടപടി വേണമെന്ന് ആദിവാസി കൂട്ടായ്മ നേതാക്കൾ മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 
ഈ ആവശ്യമുന്നയിച്ച് നിലമ്പൂർ താലൂക്കിൽ ഉൾപെട്ട 200ൽപരം ആദിവാസി കുടുംബങ്ങൾ 2023 മെയ് 10 മുതൽ നിലമ്പൂർ ഐ.റ്റി.ഡി.പിക്ക് മുൻവശം നിരാഹാര സമരം നടത്തിവരികയാണ്. 
രണ്ട് വനിതകളാണ് നിലവിൽ നിരാഹാരം സമരം നടത്തുന്നത്. അതിൽ ബിന്ദു വൈലശ്ശേരി 44 ദിവസവും നിരാഹാരം തന്നെ തുടരുകയാണ്.  മറ്റു വനിതകൾ പലവിധ അസുഖങ്ങൾ കാരണം മാറി മാറി തുടരുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു. 
  
മലപ്പുറം ജില്ലയിലെ 95% വരുന്ന ആദിവാസികളും ഭൂരഹിതരാണ്. വർഷങ്ങളായി ഭൂമിക്കുവേണ്ടി അപേക്ഷകൾ കൊടുക്കുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ 2007ൽ ഭൂരഹിതരുടെ അപേക്ഷകൾ ക്ഷണിക്കുകയും അപേക്ഷ നൽകുകയും ചെയ്തു.  എന്നാൽ നാളിതുവരെ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല.  എന്നാൽ ഇപ്പോൾ ഭൂരഹിതരുടെ അപേക്ഷ പരിഗണിക്കുകയും യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ ഉപഭോക്താക്കളെ തെരഞ്ഞെടുക്കുകയുമാണ് ചെയ്തിട്ടുള്ളത്.  1700ഓളം അപേക്ഷകരാണ് ഉള്ളതെന്ന് പറയുന്നത്. എന്നാൽ ഇത് അടിസ്ഥാനരഹിതമാണ്. ജില്ലയിലെ ഭൂരഹിതരായ ആദിവാസികളുടെ എണ്ണം എങ്ങിനെയാണ് കുറഞ്ഞത്? ചില വ്യക്തികളുടെയും ഉദ്യോഗസ്ഥരുടെയും താൽപര്യപ്രകാരമാണ് ഇപ്പോൾ നടക്കാൻ പോകുന്ന ഈ ഭൂവിതരണമെന്ന് ഭാരവാഹികൾ ആരോപിച്ചു. 


സുപ്രീം കോടതി വിധി പ്രകാരം കണ്ടെത്തി എന്ന് പറയുന്ന 538 ഏക്കർ ഭൂമിയിൽ 250 ഏക്കർ ഭൂമിയാണ് വിതരണത്തിന് ഒരുങ്ങുന്നത്.  670ഓളം ഗുണഭോക്താക്കളെ കണ്ടെത്തിയിട്ടുണ്ട്.  നിയമവിരുദ്ധവും അടിസ്ഥാനരഹിവുമായ ഈ കണക്കുകൾ അംഗീകരിക്കുവാൻ പറ്റില്ല. ഊരുകൂട്ട നിയമം നിലനിൽക്കെ നിലമ്പൂർ ബ്ലോക്കിലെ പഞ്ചായത്തുകളിലോ വാർഡ് അടിസ്ഥാനത്തിലോ കോളനി അടിസ്ഥാനത്തിലോ ഊരുകൂട്ടം കൂടി തീരുമാനം എടുത്തതല്ല ഈ കണക്കുകൾ.   ബാക്കി വരുന്ന ഭൂമി എവിടെ എന്ന ചോദ്യത്തിന് ഉദ്യോഗസ്ഥർക്ക് ഉത്തരമില്ല. വനഭൂമി കണ്ടെത്തി ആദിവാസികൾക്ക് നൽകുകയാണെങ്കിൽ ഒരു കുടുംബത്തിന് ഒരു ഏക്കറിൽ കുറയാതെ അഞ്ച് ഏക്കർ വരെ നൽകണമെന്നാണ് നിയമം.  വനാവകാശ നിയമപ്രകാരം അഞ്ച് ഏക്കർ മുതൽ പത്ത് ഏക്കർ വരെ നൽകണം എന്നാണ് നിയമം.  ഈ നിയമത്തിൽ മാറിമാറി വരുന്ന ഗവൺമെന്റുകൾ പല തരത്തിൽ ഭേദഗതി നടത്തിയെങ്കിലും ആദിവാസികൾക്കുള്ള ഒരു ഏക്കറിൽ കുറയാതെയും അഞ്ച് ഏക്കർ മുതൽ പത്ത് ഏക്കർ വരെ കൊടുക്കണമെന്നുമുള്ള നിയമം ഇപ്പോഴും നിലനിൽക്കെ നിയമത്തെ മറികടന്നുകൊണ്ടാണ് ഭൂമി വിതരണത്തിന് ഒരുങ്ങുന്നത്. 10 സെന്റും 20 സെന്റുമാണ് കൊടുക്കുന്നത്. ഒരിക്കലും പിടിച്ചെടുക്കുന്ന ഭൂമി ഒരു ഏക്കറിൽ കുറയാതെ കൊടുക്കാൻ പാടുള്ളതല്ല. പക്ഷേ പാവപ്പെട്ട ആദിവാസികളെ വഞ്ചിച്ചുകൊണ്ട് അവരുടെ അവകാശങ്ങളും അർഹതപ്പെട്ട നിയമങ്ങളും പുല്ലുവില കൽപിക്കാതെ ഇപ്പോഴും വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്.  ഈ പാവങ്ങളുടെ ഭൂമിയുൾപെടെയുള്ള എല്ലാ ആനുകൂല്യങ്ങളും കവർന്നെടുത്തു. അവർ ഇപ്പോഴും പുഴുക്കളെപ്പോലെ ജീവിക്കുകയാണ്. ആദിവാസികളുടെ നിയമങ്ങളും അവർക്ക് അഹർഹതപ്പെട്ട ആനുകൂല്യങ്ങളും വെട്ടിക്കുറക്കാതെ നൽകാൻ എന്തുകൊണ്ടാണ് സർക്കാർ തയാറാവത്തതെന്ന് ഭാരവാഹികൾ ചോദിച്ചു. 

ആദിവാസി കൂട്ടായ്മ പ്രസിഡന്റ് സദാനന്ദൻ, സെക്രട്ടറി ഗിരിദാസ്, ട്രഷറർ ചന്ദ്രൻ, കൺവീനർ മണിയൻ, കമ്മിറ്റിയംഗം വിജയൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. 
 

Latest News