- കേന്ദ്ര ഓർഡിനൻസിനെതിരായ ഡൽഹി സർക്കാറിന്റെ പോരാട്ടത്തിൽ കോൺഗ്രസ് പിന്തുണച്ചില്ലെങ്കിൽ പാറ്റ്‌നയിലെ നാളത്തെ വിശാല പ്രതിപക്ഷ യോഗം ബഹിഷ്‌കരിക്കുമെന്ന് ആം ആദ്മി പാർട്ടി
ന്യൂഡൽഹി - കേന്ദ്രത്തിൽ ബി.ജെ.പി സർക്കാറിനെ താഴെ ഇറക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ സുപ്രധാന യോഗത്തിന് മണിക്കുറുകൾ മാത്രം ബാക്കിനിൽക്കേ നിർണായക വിഷയത്തിൽ കോൺഗ്രസിന് അന്ത്യശാസനവുമായി ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഡൽഹിയുടെ ഭരണപരമായ സേവനങ്ങൾ പുനഃക്രമീകരിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ വിവാദ ഓർഡിനൻസിനെതിരായ പോരാട്ടത്തെ കോൺഗ്രസ് പിന്തുണച്ചില്ലെങ്കിൽ വെള്ളിയാഴ്ച പാറ്റ്‌നയിൽ നടക്കുന്ന വിശാല പ്രതിപക്ഷയോഗം ബഹിഷ്‌കരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
പ്രശ്‌നത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് എ.എ.പി അധ്യക്ഷൻ കെജ്രിവാൾ ആവശ്യപ്പെട്ടെങ്കിലും അഭ്യർത്ഥന ചർച്ച ചെയ്യാൻ പോലും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ശ്രദ്ധിച്ചില്ലെന്നാണ് ആക്ഷേപം. ഓർഡിനൻസ് ഡൽഹി കേന്ദ്രീകരിച്ചുള്ള പ്രശ്‌നമല്ലെന്നും മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാരിന് ഇത്തരം ഓർഡിനൻസുകൾ പാസാക്കാമെന്നും കെജ്രിവാൾ ഓർമിപ്പിച്ചു. ഒന്നൊന്നായി, മറ്റ് സംസ്ഥാനങ്ങളിലും ജനാധിപത്യം ഇല്ലാതാക്കപ്പെടും. ഗവർണറുടെയും ലഫ്റ്റനന്റ് ഗവർണറുടെയും ഓഫീസ് വഴി പ്രധാനമന്ത്രി എല്ലാ സംസ്ഥാന സർക്കാരുകളെയും നിയന്ത്രിക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കിയിരുന്നു.
എന്നാൽ, എ.എ.പിയുടെ ആവശ്യത്തിൽ കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പ്രതികരിച്ചത് ഇങ്ങനെ: 'അരവിന്ദ് കെജ്രിവാൾ യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ ആരും അദ്ദേഹത്തെ മിസ് ചെയ്യില്ല. ഈ മീറ്റിംഗിൽ പോകാതിരിക്കാൻ ഒഴികഴിവുകൾ തേടുകയാണ്. യോഗത്തിൽ പങ്കെടുക്കരുതെന്ന് ഉന്നതങ്ങളിൽ നിന്ന് അദ്ദേഹത്തിന് ഉത്തരവ് ലഭിച്ചിരിക്കണം'.