ചോദ്യം: എന്റെ ഭാര്യ എക്‌സിറ്റ് റീ എൻട്രി വിസയിൽ നാട്ടിലാണുള്ളത്. ഭാര്യയുടെ കൈവശം ഉണ്ടായിരുന്ന എക്‌സിറ്റ് റീ എൻട്രിയുടെ പ്രിന്റൗട്ട് നഷ്ടപ്പെട്ടു. പുതിയ പ്രിന്റൗട്ട് എടുക്കുന്നതിനും എക്‌സിറ്റ് റീ എൻട്രിയുടെ കാലാവധി എത്രയുണ്ടെന്ന് അറിയുന്നതിനും എന്താണ് ചെയ്യേണ്ടത്?
ഉത്തരം: നിങ്ങളുടെ അബ്ശിർ ലോഗിൻ ചെയ്ത് ഇൻഫർമേഷൻ ഓപ്ഷനിൽ പോവുക. തുടർന്ന് ജവാസാത്ത് ഓപ്ഷനിലും അതിനു ശേഷം കണ്ടീഷൻ ഓഫ് വിസ ഓപ്ഷനിലും പോയാൽ വിസയുടെ കാലാവധി അറിയാനാവും. അതിൽ എക്‌സിറ്റ് റീ എൻട്രി വിസയിൽ ക്ലിക്ക് ചെയ്താൽ അതിന്റെ കോപ്പി എടുക്കുകയോ സേവ് ചെയ്യുകയോ ചെയ്യാം.
സ്വഭാവ സർട്ടിഫിക്കറ്റ് ലഭിക്കാൻ
ചോദ്യം: എനിക്ക് ഒരു സ്വഭാവ സർട്ടിഫിക്കറ്റ് ആവശ്യമുണ്ട്. ചിലർ പറഞ്ഞു അബ്ശിർ ഡോട്ട് എസ്എ പോയാൽ സർട്ടിഫിക്കറ്റ് പ്രിന്റൗട്ട് എടുക്കാനാവുമെന്ന് .ഇത് ശരിയാണോ? കിട്ടിയാൽ തന്നെ അത് അധികൃതർ മുൻപാകെ സ്വീകാര്യമാവുമോ?
ഉത്തരം: അബ്ശിറിൽനിന്ന് സ്വഭാവ സർട്ടിഫിക്കറ്റ് ലഭ്യമാണ്. അബ്ശിറിൽ മൈ സർവീസസിൽ പോയി ജനറൽ സർവീസസ് സെലക്ട് ചെയ്ത് അതിൽ നിന്ന് അബ്ശിർ റിപ്പോർട്ട് സെലക്ട് ചെയ്യുകയും അതിന്റെ പ്രിൻറൗട്ട് എടുക്കുകയും ചെയ്യാം.
നാട്ടിലായിരിക്കെ എക്‌സിറ്റ് റീ എൻട്രി റദ്ദാക്കൽ
ചോദ്യം: എക്‌സിറ്റ് റീ എൻട്രി എങ്ങനെയാണ് റദ്ദ് ചെയ്യുക. എന്റെ ഭാര്യ എക്‌സിറ്റ് റീ എൻട്രിയിൽ നാട്ടിലാണുള്ളത്. നാട്ടിലായിരിക്കെ എക്‌സിറ്റ് റീ എൻട്രി ക്യാൻസൽ ചെയ്യാൻ ഉദ്ദേശിക്കുന്നു. എന്റെ ഇഖാമക്ക് മൂന്നു മാസം കൂടി കാലാവധിയുള്ള സാഹചര്യത്തിൽ അതു സാധ്യമാണോ? അങ്ങനെയെങ്കിൽ എന്താണ് ചെയ്യേണ്ടത്?
ഉത്തരം: ഭാര്യ നാട്ടിലായിരിക്കെ എക്‌സിറ്റ് റീ എൻട്രി വിസ റദ്ദാക്കുന്നതിന് എക്‌സിറ്റ് റീ എൻട്രിയുടെ കാലാവധി തീരുന്നതുവരെ കാത്തിരിക്കുകയാണ് വേണ്ടത്. എക്‌സിറ്റ് റീ എൻട്രിയുടെ കാലാവധി കഴിഞ്ഞ ശേഷമാണെങ്കിൽ അബ്ശിർ വഴി അത് റദ്ദാക്കാനാവും. അബ്ശിറിലെ തവസ്സുൽ ഓപ്ഷനിൽ അതിനുള്ള വഴിയുണ്ട്.