ന്യൂദല്‍ഹി-നാണക്കേടില്‍നിന്ന് മറയിടാന്‍ പാക്കിസ്ഥാനില്ലെങ്കില്‍ കാണാമായിരുന്നുവെന്ന് വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യസെന്‍. 2014 നുശേഷം ഇന്ത്യ തെറ്റായ ദിശയിലാണ് കുതിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പിറകോട്ടുള്ള കുതിപ്പില്‍ മേഖലയിലെ രാജ്യങ്ങളില്‍ ഏറ്റവും മോശമായ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ ഇപ്പോള്‍. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും മികച്ച രാജ്യങ്ങളില്‍ ശ്രീലങ്ക കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇപ്പോള്‍ ഏറ്റവും മോശം രാജ്യങ്ങളില്‍ രണ്ടാം സ്ഥാനമാണ് നമുക്കുള്ളത്. ഒന്നാം സ്ഥാനത്ത് പാക്കിസ്ഥാനുള്ളത് കൊണ്ട് വലിയ നാണക്കേടില്ല- അമര്‍ത്യ സെന്‍ പറഞ്ഞു.
ഇന്ത്യ ആന്റ് ഇറ്റ്‌സ് കോണ്‍ട്രഡിക്്ഷന്‍ എന്ന സ്വന്തം പുസ്തകത്തിന്റെ ഹിന്ദി പരിഭാഷയായ ഭാരത് ഔര്‍ ഉസ്‌കെ വിരോധാഭാസ് പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നൊബേല്‍ ജേതാവായ അമര്‍ത്യ സെന്‍.
ജാതിവിവേചനത്തില്‍നിന്നും അസമത്വത്തില്‍നിന്നും കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചോടുകയാണ്. കക്കൂസ് ടാങ്കുകളും അഴുക്കുചാലുകളും സ്വന്തം കൈകൊണ്ട് വൃത്തിയാക്കുന്ന ജനങ്ങളുടെ ആവശ്യങ്ങള്‍ പോലും സര്‍ക്കാര്‍ അവഗണിക്കുകയാണ്. രാജ്യത്തെ ദളിതുകള്‍ക്ക് ഭക്ഷണത്തെ കുറിച്ചോ ചികിത്സയെ കുറിച്ചോ വിദ്യാഭ്യാസത്തെ കുറിച്ചോ യാതൊരു ഉറപ്പുമില്ലെന്നും മധ്യപ്രദേശിലെ പെട്രോള്‍ ബങ്കില്‍ കൂലി ചോദിച്ചതിന് അടി വാങ്ങേണ്ടിവന്ന ദളിത് യുവാവിന്റെ അനുഭവം വിവരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.