ന്യൂദല്‍ഹി - കോവിഡ് വാക്സിനെടുത്തവരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. ബീഹാര്‍ സ്വദേശിയെയാണ് ദല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ പിടികൂടിയത്. അറസ്റ്റിലായ പ്രതിയുടെ അമ്മ ബിഹാറില്‍ ആരോഗ്യ പ്രവര്‍ത്തകയായി ജോലി ചെയ്യുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. അമ്മയുടെ സഹായത്തോടെ പ്രതി കോവിന്‍ പോര്‍ട്ടലിന്റെ വിവരങ്ങള്‍ മോഷ്ടിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാളെ കൂടി ദല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട് . വാക്സിന്‍ സ്വീകരിച്ചവരുടെ ആധാര്‍ വിവരങ്ങള്‍, പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ് നമ്പര്‍ തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ ചോര്‍ന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.