റിയാദ് - ശിരസ്സുകള്‍ ഒട്ടിപ്പിടിച്ച നിലയില്‍ പിറന്ന ഈജിപ്ഷ്യന്‍ സയാമിസ് ഇരട്ടകളായ സല്‍മയെയും സാറയെയും അവസാന ഘട്ടത്തില്‍ നടത്തിയ പതിനേഴു മണിക്കൂര്‍ നീണ്ട അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി വേര്‍പ്പെടുത്തിയതായി റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറലും സയാമിസ് ഇരട്ടകള്‍ക്ക് വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയകള്‍ നടത്തുന്ന മെഡിക്കല്‍ സംഘം ലീഡറുമായ ഡോ. അബ്ദുല്ല അല്‍റബീഅ അറിയിച്ചു. ബുധനാഴ്ച രാവിലെ എട്ടു മണിക്കാണ് 31 അംഗ മെഡിക്കല്‍ സംഘം കുട്ടികള്‍ക്ക് അവസാന ഘട്ട വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ ആരംഭിച്ചത്.
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശാനുസരണം 2021 നവംബര്‍ 23 ന് ആണ് പരിശോധനകള്‍ക്കും വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കുള്ള സാധ്യത പഠിക്കാനും ഈജിപ്ഷ്യന്‍ സയാമിസ് ഇരട്ടകളെ റിയാദിലെത്തിച്ചത്. പരിശോധനയില്‍ കുട്ടികളുടെ മസ്തിഷ്‌കവും മസ്തിഷ്‌കത്തിന് ചുറ്റുമുള്ള വെനസ് സൈനസുകളും പരസ്പരം ഒട്ടിപ്പിടിച്ച നിലയിലാണെന്ന് വ്യക്തമായി.
പീഡിയാട്രിക് ന്യൂറോസര്‍ജന്‍ ഡോ. മുഅ്തസം അല്‍സഅബിയുടെയും പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധന്‍ ഡോ. മുഹമ്മദ് അല്‍ഫൗസാന്റെയും പീഡിയാട്രിക് അനസ്‌തേഷ്യ വിദഗ്ധന്‍ ഡോ. നിസാര്‍ അല്‍സുഗൈബിയുടെയും നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം മസ്തിഷ്‌കവും തലച്ചോറിന് ചുറ്റുമുള്ള വെനസ് സൈനസുകളും വേര്‍പ്പെടുത്താന്‍ ആഴ്ചകളുടെയും മാസങ്ങളുടെയും ഇടവേളകളില്‍ നാലു വേറിട്ട ശസ്ത്രക്രിയകള്‍ കുട്ടികള്‍ക്ക് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. കൂടാതെ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ ചര്‍മം നീട്ടാനുള്ള മൂന്നു ഓപ്പറേഷനുകളും നടത്തി. തലച്ചോറ് വേര്‍പ്പെടുത്താനുള്ള നാലു ഓപ്പറേഷനുകള്‍ ആകെ 57 മണിക്കൂര്‍ നീണ്ടു. ഇതില്‍ ഒടുവിലത്തെതായിരുന്നു ബുധനാഴ്ച നടത്തിയ 17 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ. സൗദിയില്‍ സയാമിസ് ഇരട്ടകള്‍ക്ക് വിജയകരമായി നടത്തുന്ന 57-ാമത് വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ ആണിതെന്നും ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു.
സാറക്കും സല്‍മക്കും വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ നടത്തുകയും ആവശ്യമായ ചികിത്സകള്‍ നല്‍കുകയും ചെയ്തതിന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും മെഡിക്കല്‍ സംഘത്തിനും കുട്ടികളുടെ മാതാപിതാക്കള്‍ നന്ദി പറഞ്ഞു. സൗദിയിലെ താമസ കാലത്തു മുഴുവന്‍ തങ്ങള്‍ക്ക് ഊഷ്മളമായ സ്വീകരണവും ഉദാരമായ ആതിഥ്യവുമാണ് ലഭിച്ചതെന്നും ഇരുവരും പറഞ്ഞു. സയാമിസ് ഇരട്ടകളുടെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയാ മേഖലയില്‍ ആഗോള തലത്തില്‍ മുന്‍നിര സ്ഥാനമുള്ള സൗദി അറേബ്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് സയാമിസ് ഇരട്ടകള്‍ക്ക് ഇത്രയും സങ്കീര്‍ണമായ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ നടത്തുന്നത്.