തിരുവനന്തപുരം - വിമാനയാത്രക്കാര്‍ക്ക് ഇനി ഭക്ഷണമടങ്ങിയ സൗജന്യ സ്‌നാക്‌സ് ബോക്‌സ് നല്‍കില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. പ്രവാസികള്‍ക്കാണ് ഈ തീരുമാനം തിരിച്ചടിയാകുന്നത്. ദീര്‍ഘ യാത്രയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, വിമാനത്തില്‍ ലഘു ഭക്ഷണമോ, മറ്റ് ഭക്ഷണമോ കഴിക്കണമെങ്കില്‍ ഇനി കാശു മുടക്കുക തന്നെ വേണം. ഇനി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഭക്ഷണവും ബുക്ക് ചെയ്യാമെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിപ്പില്‍ പറയുന്നത്. വിമാനത്തില്‍ നിന്നും പണം നല്‍കിയും ഭക്ഷണം വാങ്ങാം. ബജറ്റ് എയര്‍ ലൈന്‍സ് എന്ന സങ്കല്‍പ്പത്തിലാണ് സൗജന്യ സ്‌നാക്‌സ് ബോക്‌സ് നല്‍കിയിരുന്നത്. ഇപ്പോള്‍ അതും ഇല്ലാതായിരിക്കുകയാണ്.
ക്രെഡിറ്റ് കാര്‍ഡ് വഴി വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ വിമാനത്താവളത്തിലെത്തുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് കയ്യില്‍ കരുതണമെന്നും എയര്‍ ഇന്ത്യ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാര്‍ഡ് ഇല്ലെങ്കില്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കയ്യില്‍ കരുതണം. മറ്റൊരാളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ടിക്കറ്റ് എടുത്തതെങ്കില്‍ ആ വ്യക്തിയുടെ അനുമതിപത്രം കൈവശം കരുതണം. ഒപ്പം കാര്‍ഡിന്റെ പകര്‍പ്പും കൈവശം സൂക്ഷിക്കണം. ക്രെഡിറ്റ് കാര്‍ജ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായാണ് നേരത്തെയുണ്ടായിരുന്ന വ്യവസ്ഥ വീണ്ടും കര്‍ശനമാക്കുന്നത്.