Sorry, you need to enable JavaScript to visit this website.

സൗദിയില്‍ 30,000 ഹൗസ് ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു; റിക്രൂട്ട്‌മെന്റ് 25 ശതമാനം കുറഞ്ഞു

റിയാദ് - വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി പ്രാബല്യത്തിൽ വന്ന ശേഷം ഹൗസ് ഡ്രൈവർമാരുടെ റിക്രൂട്ട്‌മെന്റ് 25 ശതമാനം തോതിൽ കുറഞ്ഞതായി റിക്രൂട്ട്‌മെന്റ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറഞ്ഞു. അടുത്ത വർഷം ഹൗസ് ഡ്രൈവർമാരുടെ റിക്രൂട്ട്‌മെന്റ് കൂടുതൽ കുറയും. സൗദി കുടുംബങ്ങളുടെ ബജറ്റിൽ മുപ്പതു ശതമാനം വരെ ലാഭിക്കുന്നതിന് വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി സഹായിക്കും. 


വിദേശങ്ങളിൽ നിന്ന് ഹൗസ് ഡ്രൈവർമാരെ റിക്രൂട്ട് ചെയ്യുന്നതിന് മുന്നോട്ടു വരുന്നവരുടെ എണ്ണം ഇതിനകം തന്നെ 25 ശതമാനം കുറഞ്ഞതായി റിക്രൂട്ട്‌മെന്റ് മേഖലാ വിദഗ്ധൻ മൻസൂർ അൽജാബിരി പറഞ്ഞു. ഹൗസ് ഡ്രൈവർമാർക്കുള്ള ആവശ്യം അടുത്ത വർഷം കൂടുതൽ കുറയും. ഹൗസ് ഡ്രൈവർമാരുടെ റിക്രൂട്ട്‌മെന്റ് കുറയുന്നത് സൗദികളുടെ കുടുംബ ബജറ്റിൽ അനുകൂല ഫലം ചെലുത്തും. വേലക്കാരികളുടെ റിക്രൂട്ട്‌മെന്റും കുറഞ്ഞിട്ടുണ്ട്. എന്നാൽ സൗദിയിലേക്ക് വേലക്കാരികളെ അയക്കുന്ന രാജ്യങ്ങളുടെ എണ്ണക്കുറവാണ് വനിതാ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് കുറയുന്നതിന് കാരണമെന്നും മൻസൂർ അൽജാബിരി പറഞ്ഞു. 


ഹൗസ് ഡ്രൈവർമാരുടെ എണ്ണം കുറയുന്നതിനും സൗദി കുടുംബങ്ങളുടെ ചെലവുകൾ കുറയ്ക്കുന്നതിനും വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി സഹായിക്കുമെന്ന് റിയാദ് ചേംബർ ഓഫ് കൊമേഴ്‌സ് മുൻ വൈസ് പ്രസിഡന്റ് ഡോ. സാമി അൽഅബ്ദുൽ കരീം പറഞ്ഞു. ഹൗസ് ഡ്രൈവർമാർക്ക് വേതനം നൽകുന്നതിന് സൗദി കുടുംബങ്ങൾ ബില്യൺ കണക്കിന് റിയാൽ ഓരോ വർഷവും ചെലവഴിക്കുന്നുണ്ട്. ഹൗസ് ഡ്രൈവർമാരുടെ എണ്ണം കുറയുന്നത് വിദേശത്തേക്കുള്ള പണമൊഴുക്ക് കുറയുന്നതിനും സഹായിക്കും. ഡ്രൈവിംഗ് അനുമതി വനിതകൾക്കു മുന്നിൽ നിരവധി പുതിയ മേഖലകൾ തുറന്നിടുമെന്നും ഡോ. സാമി അൽഅബ്ദുൽ കരീം പറഞ്ഞു. 
സൗദിയിൽ വനിതകൾക്ക് ഡ്രൈവിംഗ് അനുമതി നൽകുന്നതിനുള്ള തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ തീരുമാനം പുറത്തു വന്ന ശേഷം ആറു മാസത്തിനിടെ 30,477 ഹൗസ് ഡ്രൈവർമാരെ ഫൈനൽ എക്‌സിറ്റിൽ സൗദി കുടുംബങ്ങൾ സ്വദേശങ്ങളിലേക്ക് തിരിച്ചയച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ആദ്യ പാദാവസാനത്തെ കണക്കുകൾ പ്രകാരം സൗദിയിൽ 13,63,324 ഹൗസ് ഡ്രൈവർമാരാണുള്ളത്. കഴിഞ്ഞ കൊല്ലം അവസാനം രാജ്യത്ത് 13,85,553 ഹൗസ് ഡ്രൈവർമാരുണ്ടായിരുന്നു. ഈ വർഷം ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മാത്രം 22,229 ഹൗസ് ഡ്രൈവർമാർക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കൊല്ലം അവസാന പാദത്തിൽ 8248 ഹൗസ് ഡ്രൈവർമാരെയും ഫൈനൽ എക്‌സിറ്റിൽ തൊഴിലുടമകൾ സ്വദേശങ്ങളിലേക്ക് തിരിച്ചയച്ചു. 2017 മൂന്നാം പാദത്തിൽ ഹൗസ് ഡ്രൈവർമാരുടെ എണ്ണം 13,93,801 ആയിരുന്നു. നാലാം പാദത്തിൽ ഇത് 13,85,553 ആയി കുറഞ്ഞു. 2017 സെപ്റ്റംബർ ഒന്നു മുതൽ 2018 മാർച്ച് 31 വരെയുള്ള ആറു മാസക്കാലത്ത് 30,477 ഹൗസ് ഡ്രൈവർമാർക്കാണ് സൗദിയിൽ തൊഴിൽ നഷ്ടപ്പെട്ടത്. 
 

Latest News