ഹൈദരാബാദ്- തെലങ്കാനയിലെ ചാദർഘട്ടിൽ കെട്ടിടനിർമാണ തൊഴിലാളിയെ പട്ടാപ്പകൽ കുത്തിക്കൊന്നു. ബുധനാഴ്ച ഉച്ചയോടെ അസംപുര സെയ്ഫ മസ്ജിദ് റോഡിലാണ് സംഭവം. മുഹമ്മദ് യൂസഫ് എന്നയാളാണ് കൊല്ലപ്പെട്ടത്. കത്തികൊണ്ട് ഒന്നിലധികം തവണ കുത്തേറ്റിരുന്നു.
അക്രം, സുഹൃത്ത് ശുഐബ് എന്നിവരാണ് പ്രതികളെന്നും കൃത്യത്തിനുശേഷം ഇവർ രക്ഷപ്പെട്ടുവെന്നും പോലീസ് പറഞ്ഞു.
യൂസഫിന്റെ ഭാര്യയുമായുള്ള അക്രമിന്റെ ബന്ധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.
കുറച്ച് ദിവസം മുമ്പ് യൂസഫും ഭാര്യയും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. മിർചൗക്ക് പോലീസ് കൗൺസിലിംഗ് നടത്തിയാണ് പ്രശ്നം പരിഹരിച്ചത്. അക്രമിനെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി താക്കീത് നൽകിയിരുന്നുവെന്നും ചാദർഘട്ട് പോലീസ് സ്‌റ്റേഷൻ എസ്എച്ച്ഒ വൈ പ്രകാശ് റെഡ്ഡി പറഞ്ഞു. അക്രമിനേയും ശുഐബിനെയും പിടികൂടാൻ ചാദർഘട്ട് പോലീസ് പ്രത്യേക സംഘത്തിന് രൂപം നൽകിയിട്ടുണ്ട്.