നിഷ്നി നോവ്ഗൊരോദ് - ലോക ഫുട്ബോളിൽ വീശിയടിക്കുന്ന മാറ്റത്തിന്റെ കാറ്റാണ് ലോകകപ്പിൽ പ്രതിഫലിക്കുന്നത്. എട്ടു മാസം മുമ്പ് അതിന്റെ ആദ്യ സൂചനകൾ ലഭ്യമായിരുന്നു, ഇറ്റലിയെ പ്ലേഓഫിൽ സ്വീഡൻ അട്ടിമറിച്ചപ്പോൾ. നാലു തവണ ചാമ്പ്യന്മാരായ ഇറ്റലിക്ക് 1958 നു ശേഷം ആദ്യമായി ഇത്തവണ യോഗ്യത നേടാനായില്ല. ലോകകപ്പ് തുടങ്ങിയപ്പോഴാവട്ടെ, അട്ടിമറിയുടെ കൊടുങ്കാറ്റാണ് ആഞ്ഞുവീശുന്നത്. ഇതുവരെയുള്ള 20 ലോകകപ്പുകളിൽ പതിനൊന്നിലും ചാമ്പ്യന്മാരായ ബ്രസീലും അർജന്റീനയും ജർമനിയും സെമിക്ക് മുമ്പെ വിമാനം കയറി. ലോകകപ്പ് ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഈ നാല് ടീമുകളിലൊന്നില്ലാത്ത ലോകകപ്പ് സെമി.
ബെൽജിയത്തിന്റെ മുന്നേറ്റമാണ് മറ്റൊരു മാറ്റത്തിന്റെ സൂചന. ഇതുവരെ ലോകകപ്പ് നേടാത്ത ടീമാണ് അവർ. എന്നാൽ അവശേഷിക്കുന്ന ടീമുകളിൽ ലോകകപ്പ് നേടാൻ എന്തുകൊണ്ടും സാധ്യതയുള്ള ടീം. ലോകകപ്പ് ചരിത്രത്തിൽ രണ്ടാം തവണയാണ് ബെൽജിയം സെമി കാണുന്നത്. വലിയ ക്ലബ്ബുകളിൽ കളിക്കാൻ നാടു വിട്ടവരാണ് അവരുടെ കളിക്കാരിലേറെയും. ലോകകപ്പിൽ അനുഭവ പരിചയം വലിയ ഘടകമാണെന്ന് ബെൽജിയം തെളിയിക്കുന്നു.
ഇംഗ്ലണ്ടും ഫ്രാൻസും മറ്റൊരു സൂചനയാണ് നൽകുന്നത്. യുവത്വവും ആവേശവും തുളുമ്പുന്നതാണ് ഈ രണ്ട് ടീമുകളും. അർജന്റീനക്കെതിരെ ഗോളടിച്ച ഫ്രാൻസിന്റെ റൈറ്റ് ബാക്ക് ബെഞ്ചമിൻ പവാഡ് ഉദാഹരണമാണ്. ലിയണൽ മെസ്സിയെ പോലെ 31 വയസ്സുകാരനും കളിക്കുന്നത് നാലാമത്തെ ലോകകപ്പുമായിരുന്നുവെങ്കിൽ ഇരുപത്തിരണ്ടുകാരൻ അസാധ്യമെന്നു തോന്നിയ ആ ലോംഗ്റെയ്ഞ്ച് ഷോട്ടിന് ധൈര്യം കാട്ടുമായിരുന്നില്ല. എന്തും സാധ്യമാണെന്ന യുവത്വത്തിന്റെ ഹുങ്കാണ് ആ ഷോട്ടിന്റെ അടിസ്ഥാനം.
വേറൊരു ശ്രദ്ധേയമായ മാറ്റം യൂറോപ്പിന്റെ കുതിപ്പാണ്. അഞ്ചാം തവണയാണ് യൂറോപ്പ് മാത്രമുള്ള ലോകകപ്പ് സെമി അരങ്ങേറുന്നത്. 1934 ലും 1966 ലും 1982 ലും 2006 ലുമായിരുന്നു ഇതിന് മുമ്പ് യൂറോപ്യൻ ആധിപത്യം കണ്ടത്. ഫുട്ബോളിൽ മാറ്റങ്ങളുടെയും സമ്പന്നതയുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ് പടിഞ്ഞാറൻ യൂറോപ്പ്. അതിനോട് എത്തിപ്പിടിക്കാൻ ലാറ്റിനമേരിക്ക പ്രയാസപ്പെടുകയാണ്. 1930 മുതൽ 1986 വരെയുള്ള 13 ലോകകപ്പുകളിൽ യൂറോപ്പിന് ഒപ്പത്തിനൊപ്പം നിൽക്കാൻ ലാറ്റിനമേരിക്കക്ക് സാധിച്ചു. ബ്രസീലിന്റെ അഞ്ച് കിരീടങ്ങളിൽ ആദ്യ മൂന്ന് 1958, 1962, 1970 വർഷങ്ങളിലായിരുന്നു. അർജന്റീന 1978 ലും 1986 ലും ചാമ്പ്യന്മാരായി. ഉറുഗ്വായ് 1930 ലും 1950 ലും കിരീടം നേടി. മൊത്തം ഏഴെണ്ണം. ഈ കാലയളവിൽ യൂറോപ്യൻ ടീമുകളായ ജർമനിക്കും ഇറ്റലിക്കും ഇംഗ്ലണ്ടിനും ആറെണ്ണം കിട്ടി. പിന്നീട് യൂറോപ്പിന്റെ ആധിപത്യമാണ് കണ്ടത്. 1992 ൽ ഇംഗ്ലിഷ് പ്രീമിയർ ലീഗ് രൂപം കൊണ്ടത് മാറ്റത്തിന്റെ കാഹളമായി. പുതിയ രൂപത്തിലുള്ള ചാമ്പ്യൻസ് ലീഗ് വലിയ കളിക്കാരെയും നിക്ഷേപകരെയും സ്പോൺസർമാരെയും കനത്ത തുകയുടെ ടി.വി അവകാശങ്ങളും ആകർഷിച്ചു. 1995 ലെ ബോസ്മാൻ വിധി കരാർ നിബന്ധനകൾ ലഘൂകരിച്ചു, കളിക്കാർക്ക് ആഗ്രഹിച്ച ഏത് ക്ലബ്ബിലും കളിക്കാമെന്നായി. 1990 മുതലുള്ള ലോകകപ്പുകളിൽ രണ്ടെണ്ണം ബ്രസീൽ നേടിയതൊഴിച്ചാൽ (1994, 2002) പിന്നീട് യൂറോപ്പിന്റെ ആധിപത്യമാണ്. ഇത്തവണത്തേതുൾപ്പെടെ ആറ് ലോകകപ്പുകൾ യൂറോപ്പിന്റേതാവും. ലാറ്റിനമേരിക്കയുടെ അവസാന വിജയം 2002 ലാണ്. ബ്രസീലിന്റെ പ്രതാപ കാലം കഴിഞ്ഞുവെന്നു വേണം കരുതാൻ. ജർമനിയോടുള്ള കഴിഞ്ഞ ലോകകപ്പിലെ 1-7 തോൽവി ഒറ്റപ്പെട്ടതല്ലെന്ന് ഇത്തവണ ബെൽജിയം തെളിയിച്ചു. തുടർച്ചയായ നാലാമത്തെ ലോകകപ്പാണ് യൂറോപ്പ് സ്വന്തമാക്കാനൊരുങ്ങുന്നത്.
മെസ്സി-ക്രിസ്റ്റ്യാനൊ യുഗത്തിനും ഈ ലോകകപ്പോടെ അന്ത്യമായേക്കും. ഇരുവർക്കും 30 കഴിഞ്ഞു. ഖത്തർ ലോകകപ്പ് വളരെ ദൂരെയാണ്. ഒരു കളിക്കാരനും ഇനി ഒറ്റക്ക് ടീമിനെ ചുമലിലേറ്റാനായേക്കില്ല. അവർക്കു ചുറ്റും നന്നായി പ്രവർത്തിക്കുന്ന പിന്തുണക്കാരുണ്ടാവണം.
ഫുട്ബോളിലെ താരസിംഹാസനത്തിൽ മൂന്നാം സ്ഥാനത്തു നിന്ന് ഒന്നാം സ്ഥാനത്തെത്താനുള്ള നെയ്മാറിന്റെ അവസരമായിരുന്നു ഈ ലോകകപ്പ്. പക്ഷേ പരിഹാസ പാത്രമായാണ് ഇരുപത്താറുകാരൻ മടങ്ങിയത്. പത്തൊമ്പതുകാരനായ ഫ്രാൻസിന്റെ കീലിയൻ എംബാപ്പെയാണ് ഇപ്പോൾ ആ സിംഹാസനത്തിന്റെ അവകാശിയായി വാഴ്ത്തപ്പെടുന്നത്.
ഫ്രാൻസ്-ബെൽജിയം സെമി ഫൈനൽ പുതിയ കാലത്തിലേക്കുള്ള സൂചന നൽകും. തുറന്ന, ആക്രമണ ഫുട്ബോൾ കളിക്കാൻ കെൽപുള്ള പ്രതിഭകളാൽ സമ്പന്നമാണ് ഇരു ടീമുകളും. ഒരു വശത്ത് എംബാപ്പെയും മറുവശത്ത് കെവിൻ ഡിബ്രൂയ്നെയും. പരമ്പരാഗത ശക്തികൾ നിലംപൊത്തിയതോടെ കരുത്തു തെളിയിക്കാൻ ബെൽജിയത്തിന് കിട്ടുന്ന ഏറ്റവും വലിയ അവസരമാണ് ഇത്. അതേസമയം, ഫ്രാൻസ് എന്നാൽ എംബാപ്പെയുടെയും പവാഡിന്റെയും യുവത്വത്തുടിപ്പ് മാത്രമല്ല. ഗോൾകീപ്പർ ഹ്യൂഗൊ ലോറീസ്, സെൻട്രൽ ഡിഫന്റർ റഫായേൽ വരാൻ, മിഡ്ഫീൽഡർ പോൾ പോഗ്ബ, സ്ട്രൈക്കർ ആന്റോയ്ൻ ഗ്രീസ്മാൻ തുടങ്ങി പരിചയ സമ്പത്തുള്ള അസ്തിവാരം അവർക്കുണ്ട്. ഇവരെല്ലാം കഴിഞ്ഞ ലോകകപ്പ് കളിച്ചവരാണ്. നാടകീയതകളേറെയുള്ള ത്രില്ലറുകളായിരുന്നു ഗ്രൂപ്പ് മത്സരങ്ങളും പ്രി ക്വാർട്ടർ, ക്വാർട്ടർ ഘട്ടങ്ങളും. പുതിയ കാലത്തിന്റെ ലോകകപ്പിൽ മാറ്റത്തിന്റെ കാറ്റ് ആഞ്ഞുവീശുകയാണ്.