സിയോൾ- 2011ൽ കൊറിയയുടെ ഗോട്ട് ടാലന്റിൽ രണ്ടാം സ്ഥാനം നേടിയ ശേഷം പ്രശസ്തിയിലേക്ക് ഉയർന്ന കൊറിയൻ ഗായകൻ ചോയ് സുങ്-ബോംഗ് ആത്മഹത്യ ചെയ്തുവെന്ന് സോൾ പോലീസ് അറിയിച്ചു. അദ്ദേഹത്തിന് 33 വയസ്സായിരുന്നു. ചൊവ്വാഴ്ച രാവിലെ 9.41 ന് തെക്കൻ സിയോളിലെ യോക്‌സാം-ഡോംഗ് ജില്ലയിലെ വീട്ടിലാണ് ഗായകനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2011-ൽ കൊറിയയുടെ ഗോട്ട് ടാലന്റിൽ രണ്ടാം സ്ഥാനം നേടിയ ശേഷം കൊറിയൻ ലേബൽ ബോങ് ബോങ് കമ്പനിയുമായി റെക്കോർഡ് തുകക്ക് കരാർ ഒപ്പുവെച്ചിരുന്നു. ദരിദ്രനായ ഒരു യുവാവിൽ നിന്ന് ലോകം അറിയപ്പെടുന്ന ഗായകൻ എന്ന നിലയിലേക്കുള്ള വളർച്ച സംബന്ധിച്ച് ഓർമ്മക്കുറിപ്പും പ്രസിദ്ധീകരിച്ചു. ഇത് ബെസ്റ്റ് സെല്ലറായിരുന്നു. 2021-ൽ, താൻ ഒന്നിലധികം തരത്തിലുള്ള ക്യാൻസറിനോട് പോരാടുകയാണെന്നും ചികിത്സയ്ക്ക് പണം ആവശ്യമാണെന്നും പറഞ്ഞ് ധനസമാഹരണ പ്രചാരണം നടത്തി. എന്നാൽ ഇത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. ഇതോടെ ഇദ്ദേഹത്തിന്റെ കരിയറിൽ കരിനിഴൽ വീണു. തെറ്റുകൾ ഏറ്റുപറയുകയും തനിക്ക് ലഭിച്ച സംഭാവനകൾ തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ആത്മഹത്യ ചെയ്യുകയാണെന്നും വീട്ടിലെ സഹചര്യങ്ങളാണ് ഇതിന് കാരണമെന്നും ചൂണ്ടിക്കാട്ടി യുറ്റിയൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. എന്റെ വിഡ്ഢിത്തമായ തെറ്റ് സഹിച്ച എല്ലാവരോടും ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നു എന്നായിരുന്നു ആത്മഹത്യ കുറിപ്പ്. എല്ലാ സംഭാവനകളും തിരികെ ലഭിച്ചതായും കുറിപ്പിൽ പറയുന്നു.